ദുബൈ: യു.ഡി.എഫിന് ചരിത്ര വിജയം നൽകാൻ തൃക്കരിപ്പൂർ മണ്ഡലം ഒരുങ്ങിയെന്ന് സ്ഥാനാർഥി സന്ദീപ് വാര്യർ. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യു.ഡി.എഫ് കൺവെൻഷനിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കരിപ്പൂരിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിന് ലഭിക്കേണ്ടിയിരുന്ന വികസനം പല കാരണങ്ങളാൽ മുരടിച്ചുപോയി. ഇത് പരിഹരിക്കാൻ യു.ഡി.എഫിന് മാത്രമേ കഴിയൂ -അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യാപ്പാടിയുടെ അധ്യക്ഷതയിൽ ദുബൈ കെ.എം.സി.സി ജന സെക്രട്ടറി യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളയ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ദുബൈ ഇൻകാസ് നേതാക്കളായ ടി.പി രാജിവ്, ഫിറോസ് കാഞ്ഞങ്ങാട്, സജി ബേക്കൽ, അഹ്‌മദ് ബെണ്ടിച്ചാൽ, റാഫി പള്ളിപ്പുറം, ജില്ലാ ഭാരവാഹികളായ സലാം തട്ടാംചേരി, സി.എച്ച് നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
