Posted On date_range 17 April 2026 7:33 AM IST Updated On date_range 17 April 2026 7:33 AM IST യു.ഡി.എഫിന് അനുകൂലമായ ചെറുതരംഗം text_fields bookmark_border തെരഞ്ഞെടുപ്പിൽ ഇത്രയും വലിയ പോളിങ് നടന്നതിന്റെ പ്രധാനഘടകവും കാരണവും വോട്ടർപട്ടിക ശുദ്ധീകരിച്ചതാണ്. പോളിങ് ശതമാനം ഉയർന്നതിന് 60 മുതൽ 70 ശതമാനം വരെ ക്രെഡിറ്റ് ഇത്തരത്തിൽ പരിഷ്കരിച്ച് വോട്ടർപട്ടികയ്ക്ക് ഞാൻ നൽകുന്നു. ബാക്കി രണ്ടു കാര്യങ്ങൾ രാഷ്ട്രീയമാണ്. അതിൽ ഒന്ന് തീർച്ചയായും ചെറിയ തോതിൽ ഒരു തരംഗം കാണുന്നുണ്ട് എന്നതാണ്. അത് ഭരണമാറ്റത്തിന്റെ തരംഗമാണ്. 10 വർഷം ഭരിക്കുന്ന ഏതൊരു സർക്കാരിനും വരാവുന്ന ഭരണ വിരുദ്ധ വികാരം ഇവിടെയും ഉണ്ടാകും. സാധാരണഗതിയിൽ അയ്യഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറ്റി നൽകുന്ന പ്രക്രിയയാണ് കേരളത്തിലെ വോട്ടർമാർ പിന്തുടരുന്നത്. ഒരു സർക്കാറിനെ പരമാവധി നമ്മൾ സഹിഷണുതയോടെ കാണുന്നത് അഞ്ചു വർഷമാണ്. പക്ഷെ 2021 -ൽ ആ കണക്ക് തെറ്റി. അതിന്റെ പ്രധാന കാരണം രണ്ട് വെള്ളപ്പൊക്കവും കോവിഡുമടക്കം ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് നടന്ന മികച്ച പ്രവർത്തനങ്ങളും സത്പേരുമാണ്. അതിനെക്കുറിച്ച് പിൽകാലത്ത് ആക്ഷേപം വന്നെങ്കിലും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആക്ഷേപങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ദുരന്ത ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ ഉത്തരവാദിത്തമുള്ള ഒരു ഗവൺമെന്റ് ഇവിടെയുണ്ട് എന്ന ബോധ്യം ജനങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു. മറുഭാഗത്ത് കോൺഗ്രസിനകത്തെ പടലപ്പടക്കങ്ങൾ കൂടി ആയതോടെ ഇങ്ങനെയുള്ള സാഹചര്യത്തിൽ യു.ഡി.എഫ് വന്നാൽ കൂടുതൽ കുഴപ്പത്തിലാവുകയുള്ളൂ എന്ന് ജനങ്ങൾക്ക് തോന്നി. അങ്ങനെ ഭരണത്തുടർച്ചയുണ്ടായി. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സാഹചര്യം. ഈ 10 വർഷത്തിനിടയ്ക്ക് ചെയ്ത കാര്യങ്ങളിലെ ചില ക്രമക്കേടുകളൊക്കെ പുറത്തുവന്നു. അതിനേക്കാൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് ഉണ്ടായ വിലക്കയറ്റമടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാഹചര്യങ്ങളാണ്. തൊഴിലില്ലായ്മ വളരെയധികം വർധിച്ചു. ചെറുപ്പക്കാർക്കിടയിൽ ഏകദേശം 30 ശതമാനം പേർക്ക് തൊഴിലില്ലായ്മ അനുഭവപ്പെടുകയാണ്. സാമ്പത്തിക ക്രമത്തിനകത്ത് ഉണ്ടായ പ്രശ്നങ്ങളാണ് മറ്റൊന്ന്. പണ്ടും കടം ഉണ്ടായിരുന്നെങ്കിലും ഈ ജൂൺ ആകുമ്പോഴേക്കും സംസ്ഥാനത്തിന്റെ പൊതു കടം അഞ്ച് ലക്ഷം കോടിയിലേക്കെത്തുമെന്നാണ് ഔദ്യോഗികമായി അറിയുന്നത്. ഇത്രയും വലിയ കടത്തിന് നടുവിൽ സർക്കാറിനെതിരെ ധൂർത്ത് ആക്ഷേപങ്ങളുമുണ്ടായി. ആരോഗ്യ രംഗത്തുണ്ടായ കുഴപ്പങ്ങളാണ് മറ്റൊന്ന്. ആശുപത്രികളുടെ മുൻഭാഗം മോടി പിടിപ്പിച്ചിട്ടുണ്ടെങ്കിലും അകത്ത് ഉപകരണങ്ങളും മരുന്നും ഡോക്ടർമാരുമില്ലാത്ത അവസ്ഥയാണ്. അതേസമയം സ്വകാര്യ ആശുപത്രികളിൽ ഇതെല്ലാമുണ്ട്. സാധാരണക്കാർക്ക് പക്ഷേ സ്വകാര്യആശുപത്രികളെ ആശ്രയിക്കാനുളള ത്രാണിയില്ല. ഈ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് ആശ്രയമാകേണ്ട സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥ ഭരണവിരുദ്ധ വികാരത്തിന് കാരണമാകുന്നത്. ഇതിനൊക്കെ പുറമേയാണ് ശബരിമലയിലെ സ്വർണ്ണക്കൊള്ള. പ്രതിപക്ഷത്തിന്റെ ക്രെഡിറ്റിനേക്കാൾ ഇതൊക്കെ മാധ്യമങ്ങളിൽ ചർച്ചയായി എന്നുള്ളതും കാണണം. ഇതെല്ലാം മുൻനിർത്തുമ്പോൾ ഭരണവിരുദ്ധ വികാരം വളരെ വലുതാണ്. ഇതാണ് ഭരണമാറ്റത്തിനുള്ള സാധ്യതായി താൻ കാണുന്നതും. പാർട്ടിക്കകത്തെ അധികാര കേന്ദ്രീകരണത്തിന് എതിരായ വികാരവും അണികൾക്കുണ്ട്. സി.പി.ഐയിലും സി.പി.എമ്മിലും ഇതുണ്ട്. കൂടുതൽ സി.പി.എമ്മിലാണ്. ഇതെല്ലാം ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടി. മറുഭാഗത്ത്, ആദ്യം ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നു. കോൺഗ്രസിന് ഇത് ‘ഡൂ ഓർ ഡൈ’ സാഹചര്യമാണ്. ഇപ്പോൾ ജയിച്ചില്ലെങ്കിൽ ഒരിക്കലും ജയിക്കില്ല. ഇതൊക്കെയാണെങ്കിലും ഇടതുമുന്നണി അത്ര ദുർബലമല്ലെന്നതും കാണണം. അവരെ തുടച്ച് നീക്കി 100 സീറ്റൊന്നും യു.ഡി.എഫിന് കിട്ടാൻ പോകുന്നില്ല. ഒരു നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നാണ് ഞാൻ കാണുന്നത്. പരമാവധി 82 വരെ കിട്ടിയേക്കാം. ഇതിനിടെ ഭരണവിരുദ്ധ വികാരം കുറച്ചൊക്കെ എൻ.ഡി.എ കൊണ്ടുപോകുമെന്നതും വസ്തുതാണ്. മുൻപ് എൽ.ഡി.എഫിന്റെ നഷ്ടം യു.ഡി.എഫിന്റെ നേട്ടമാകുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. അതാണ് 100 സീറ്റിനെ കുറിച്ച് പ്രശ്നമുദിക്കാത്തതും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - A small scene that is favorable to the UDF
