യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് മോഷണം പോയതിന് പിന്നാലെ 'കിറ്റ്കാറ്റ് പിസ'യുമായി ഡൊമിനോസ്; മാർക്കറ്റിങ് തന്ത്രമെന്ന് നെറ്റിസൺസ്

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് മോഷണം പോയതിന് പിന്നാലെ 'കിറ്റ്കാറ്റ് പിസ'യുമായി ഡൊമിനോസ്; മാർക്കറ്റിങ് തന്ത്രമെന്ന് നെറ്റിസൺസ്

M
MadhyamamSource Link
ലണ്ടൻ: യൂറോപ്പിലെ ചോക്ലേറ്റ് വിപണിയെ ഞെട്ടിച്ചുകൊണ്ട് കൂറ്റൻ കിറ്റ്കാറ്റ് മോഷണത്തിന് പിന്നാലെ കിറ്റ്കാറ്റ് പിസ'യുമായി ഡൊമിനോസ്. ഇറ്റലിയിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിന്നും പോളണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് ട്രക്ക് സഹിതം കാണാതായത്. ഏകദേശം 4,13,793 കിറ്റ്കാറ്റ് ബാറുകളാണ് മോഷണം പോയ ചരക്കിലുണ്ടായിരുന്നത്. സ്വിസ് കമ്പനിയായ നെസ്‌ലെ വെള്ളിയാഴ്ചയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. യൂറോപ്പിലെ വിവിധ വിപണികളിലേക്ക് എത്തിക്കേണ്ടതായിരുന്നു ഈ ഉൽപ്പന്നങ്ങൾ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ട്രക്കോ ചോക്ലേറ്റുകളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. കിറ്റ്കാറ്റ് നേരിട്ട ഈ വൻ നഷ്ടത്തെ തങ്ങളുടെ മാർക്കറ്റിങ്ങിനായി സമർത്ഥമായി ഉപയോഗിച്ചിരിക്കുകയാണ് പ്രമുഖ പിസ ബ്രാൻഡായ ഡൊമിനോസ് യു.കെ. അവർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ‘കിറ്റ്കാറ്റിനുണ്ടായ ഈ വലിയ നഷ്ടത്തിൽ ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നു. ഇതിനോട് യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു കാര്യം കൂടി അറിയിക്കട്ടെ. ഞങ്ങൾ പുതിയൊരു ' കിറ്റ്കാറ്റ് പിസ' വിൽക്കാൻ പോവുകയാണ്!’ ഡൊമിനോസ് എക്‌സിൽ കുറിച്ചു. ഈ കുറിപ്പ് ഇതിനോടകം ഒമ്പത് ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഒരു ബ്രാൻഡിന്റെ ദുരവസ്ഥയെ തങ്ങളുടെ ബിസിനസ്സ് വളർത്താനുള്ള അവസരമാക്കി മാറ്റിയ ഡൊമിനോസിന്റെ നീക്കത്തെ ധീരമായ മാർക്കറ്റിങ് തന്ത്രം എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. മോഷണം പോയ കിറ്റ്കാറ്റുകൾ അനധികൃത വിപണികൾ വഴി വിൽക്കാൻ സാധ്യതയുണ്ടെന്ന് നെസ്‌ലെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിലും, ഓരോ ചോക്ലേറ്റ് പാക്കറ്റിലും പ്രത്യേക 'ബാച്ച് കോഡ്'ഉള്ളതിനാൽ ഇവ കണ്ടെത്താൻ എളുപ്പമാണ്. വാങ്ങുന്ന ചോക്ലേറ്റ് മോഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയമുണ്ടെങ്കിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ബാച്ച് നമ്പർ സ്കാൻ ചെയ്ത് പരിശോധിക്കാം. മോഷ്ടാക്കളുടെ രുചിവൈഭവത്തെ തമാശരൂപേണ അഭിനന്ദിക്കുമ്പോഴും, ചരക്ക് മോഷണം ആഗോളതലത്തിൽ ബിസിനസ്സുകൾ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് മോഷണം പോയതിന് പിന്നാലെ 'കിറ്റ്… | Boolokam