1 മുള്ളൂരി ഓരോ പ്രാർത്ഥനാ വരിയിലും ഓരോ മുള്ളു വീതം അവൾ മുറിവുകളിൽ നിന്നുരിഞ്ഞെടുത്തു. തന്റെ അപൂർണ്ണ ക്യാൻവാസിലേക്ക് അതെറിഞ്ഞു കൊള്ളിച്ചു കൊണ്ടേയിരുന്നു. മുള്ളുകളെയെല്ലാമൊഴിപ്പിച്ച് മരുന്നു വച്ചു. മൂരി നിവർന്ന്, ക്യാൻവാസിന്റെ വേദനകളിലേക്ക് കണ്ണടച്ചൂതിയതും പുറകിൽ നഗരമണഞ്ഞു; നക്ഷത്രങ്ങൾ തെളിഞ്ഞു. 2. ഉദയ അവൾ സിഗ്നലുകൾ തെറ്റിക്കുന്നു. സീബ്രാലൈനുകളുടെ മേത്ത് ഉരുണ്ടുകേറുന്നു. ദിശാസൂചികകളെ ഇളക്കിമറിച്ചിടുന്നു. നേരെ കുന്നുമ്പുറത്തേക്ക് വണ്ടിയോടിച്ചു കേറ്റുന്നു. കിതച്ചുപോയ വണ്ടിയെ പിന്നിലുപേക്ഷിച്ച് സൂര്യനു നേരെയോടുന്നു. "ഉദിച്ചതു കൊണ്ടല്ലേ..." എന്നുറക്കെയലറുന്നു.
