രണ്ട് സന്തോഷങ്ങൾ

രണ്ട് സന്തോഷങ്ങൾ

M
MadhyamamSource Link
സമ്മിശ്ര വികാരങ്ങളോടെയാണ് നോമ്പുകാരൻ റമദാനിനെ യാത്രയാക്കുന്നത്. അനുഗ്രഹങ്ങളും പുണ്യങ്ങളും നിറഞ്ഞ, ആത്മീയ-ഭൗതിക നേട്ടങ്ങൾ അനുഭവിച്ച ദിനരാത്രങ്ങൾ വളരെ വേഗത്തിൽ കടന്നുപോയല്ലോ എന്ന വിരഹ വികാരം ഉള്ളിലുണ്ടെങ്കിലും, വലിയ രണ്ട് സന്തോഷങ്ങൾ കൂടിയുണ്ട്. നോമ്പിന്റെ അകവും പുറവും ശരിയായി അനുഷ്ഠിച്ച വിശ്വാസിക്ക് ഈ ലോകത്തും പരലോകത്തും ലഭ്യമാകുന്ന സന്തോഷങ്ങളാണ് അവ രണ്ടും. ഓരോ ദിവസവും നോമ്പ് തുറക്കുമ്പോഴും, എല്ലാ നോമ്പും അവസാനിപ്പിച്ച് പെരുന്നാളിലേക്ക് പ്രവേശിക്കുമ്പോഴും അനുഭവിക്കുന്ന സന്തോഷമാണ് ഒന്നാമത്തേത്. നോമ്പെടുക്കുകയും ആത്മനിയന്ത്രണം പരിശീലിക്കുകയും സാമൂഹിക ബന്ധിയായ ഗുണങ്ങൾ ആർജ്ജിക്കുകയും ചെയ്തതിന്റെ നിർവൃതി അനിർവചനീയമാണ്. ഭക്ഷണ പാനീയങ്ങൾക്കുള്ള താൽക്കാലിക നിയന്ത്രണം അവസാനിക്കുന്നതിന്റെ സന്തോഷവും ഉണ്ട്. ഇസ്‌ലാം മനുഷ്യ പ്രകൃതത്തോട് ക്രിയാത്മകമായി ചേർന്ന് നിൽക്കുന്നതിന്റെ ഉദാഹരണമാണിത്. മരണാനന്തരം അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുന്ന വേളയിലാണ് രണ്ടാമത്തെ സന്തോഷം അനുഭവിക്കുക. നോമ്പ് സ്വീകരിക്കപ്പെടുകയും സ്രഷ്ടാവിന്റെ തൃപ്തിക്ക് പാത്രമാവുകയും സ്വർഗ്ഗ പ്രവേശനം സാധ്യമാവുകയും ചെയ്യുന്നതിന്റെ ആനന്ദം അവർണനീയമായിരിക്കും. അല്ലാഹു പറയുന്നു: “മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും അവന് വേണ്ടിയുള്ളതാണ്; എന്നാൽ നോമ്പ് എനിക്ക് വേണ്ടിയുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുക”. എല്ലാ കർമ്മങ്ങൾക്കും പ്രതിഫലം നൽകുന്നത് അല്ലാഹു തന്നെയാണെങ്കിലും, ഈ വചനം നോമ്പിന്റെ പ്രതിഫലത്തെ പ്രത്യേകമായി പരാമർശിച്ചിരിക്കുന്നു. നോമ്പിന്റെ അനുഷ്ഠാനം അല്ലാഹുവിന്റെയും നോമ്പുകാരന്റെയും ഇടയിലുള്ള രഹസ്യ ഇടപാടാണ്. സന്തോഷം പദാർത്ഥ ലോകത്തെ അനുഭവങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഉത്തമമായ മൂല്യങ്ങളും ആത്മീയമായ ഔന്നിത്യവും ദൈവിക സാമീപ്യവും മാനുഷിക ഗുണങ്ങളും സൃഷ്ടിക്കുന്ന ആനന്ദമാണ് അനശ്വര സന്തോഷത്തിന് വഴിയൊരുക്കുന്നത്. നോമ്പ് വിശപ്പും ദാഹവും മാത്രമായിരുന്നില്ല. ആത്മ നിയന്ത്രണവും ദൈവാനുസരണവും പരിശീലിപ്പിക്കുന്നതും, മനുഷ്യനെ മൃഗ ശീലങ്ങളിൽ നിന്ന് മാലാഖമാരുടെ വെണ്മയിലേക്ക് ഉയർത്തുന്ന അതുല്യ അനുഭവവും ആയിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ട് സന്തോഷങ്ങൾ — Madhyamam | Boolokam | Boolokam