രാജസ്ഥാൻ സര്‍വകലാശാലാ വിസി ഓഫീസിനു മുന്നിൽ ചായയടിച്ച്, പാത്രംകൊട്ടി വിദ്യാർഥികൾ

രാജസ്ഥാൻ സര്‍വകലാശാലാ വിസി ഓഫീസിനു മുന്നിൽ ചായയടിച്ച്, പാത്രംകൊട്ടി വിദ്യാർഥികൾ

ജയ്പൂർ: തങ്ങളുടെ ആവശ്യങ്ങൾ നിരന്തരം അവഗണിക്കുന്ന വി.സിക്കെതിരേ വേറിട്ട പ്രതിഷേധവുമായി രാജസ്ഥാൻ സർവകലാശാലാ വിദ്യാർഥികൾ. വി.സിയുടെ റൂമിന് പുറത്ത് അടുപ്പുകൂട്ടി ചായയുണ്ടാക്കിയും പാത്രങ്ങൾ കൊട്ടിയുമായിരുന്നു പ്രതിഷേധം. നേരത്തെ ഇതേ സർവകലാശാലയിൽ വിദ്യാർഥികൾ മണ്ണിനടിയിൽ കുഴിച്ചിട്ടും വെള്ളത്തിൽ ഇരുന്നും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരുപ്രതിഷേധത്തിനു കൂടി സർവകാലാശാല സാക്ഷ്യം വഹിച്ചത്. വിദ്യാർഥി നേതാവ് ശുഭം രേവദിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 'ചായയടി' സമരത്തോടൊപ്പം തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധപ്രകടനവും നടത്തി. പരീക്ഷാ ഫലങ്ങളിലെ ക്രമക്കേടുകൾ പരിഹരിക്കുക, പുനർമൂല്യനിർണ്ണയ ഫീസ് വർധന പിൻവലിക്കുക, ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർവകലാശാല അധികൃതർ വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരം ഗാന്ധിയൻ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ശുഭം രേവദ് പറഞ്ഞു. സർവകലാശാല അധികൃതർ വിദ്യാർഥികളുടെ പ്രശ്നങ്ങൾ അവഗണിക്കുകയും ബാഹ്യ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നും രേവദ് ആരോപിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് ലാത്തിവീശുകയും നിരവധി വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കാമ്പസിൽ ആർ.എസ്.എസ് അനുകൂല സംഘടനയുടെ പരിപാടി സംഘടിപ്പിച്ചതിനെതിരെ എൻ.എസ്.യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സർവകലാശാലാ ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. വി.സി ഓഫീസിന് മുന്നിൽ ചായ വിതരണം ചെയ്ത് നടത്തിയ പ്രതിഷേധം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജസ്ഥാൻ സര്‍വകലാശാലാ വിസി ഓഫീസിനു മുന്നിൽ ചായയടിച്ച്, പാത്… | Boolokam