രാജാ രവിവർമ ചിത്രത്തിന് ലേലത്തിൽ റെക്കോർഡ് തുക: ഐതിഹാസിക ചിത്രം ‘യശോദയും കൃഷ്ണനും’ വിറ്റത് 167 കോടി രൂപക്ക്

രാജാ രവിവർമ ചിത്രത്തിന് ലേലത്തിൽ റെക്കോർഡ് തുക: ഐതിഹാസിക ചിത്രം ‘യശോദയും കൃഷ്ണനും’ വിറ്റത് 167 കോടി രൂപക്ക്

M
MadhyamamSource Link
മുംബൈ: രാജാ രവിവർമയുടെ പ്രസിദ്ധമായ ചിത്രം ‘യശോദയും കൃഷ്ണനും’ റെക്കോർഡ് വിലക്കാണ് ലേലത്തിൽ വിറ്റുപോയത്. രവിവർമ 1890 കളിൽ വരച്ച ഈ ചിത്രം 167.20 കോടി രൂപ നേടിയതായാണ് പുതിയ റിപ്പോർട്ടുകൾ. ഒരു ഇന്ത്യൻ കലാസൃഷ്ടിക്ക് ലഭിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഏപ്രിൽ ഒന്നിന്ന് മുംബൈയിൽ സാഫ്രൺ ആർട്ട് സംഘടിപ്പിച്ച സ്പ്രിങ് ലൈവ് ലേലത്തിലാണ് ചിത്രം വിറ്റുപോയത്. ചിത്രത്തിനായി ഏഴ് മിനിറ്റോളം നീണ്ടുനിന്ന വാശിയേറിയ ലേലം വിളിയിൽ പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി വില ലഭിക്കുകയായിരുന്നു. 2025 മാർച്ചിൽ നടന്ന ക്രിസ്റ്റീസ് ലേലത്തിൽ 118 കോടി രൂപക്ക് വിറ്റുപോയ എം.എഫ് ഹുസൈന്റെ ‘അൺടൈറ്റിൽഡ് (ഗ്രാം യാത്ര)’ (1954) എന്ന ചിത്രത്തിന്‍റെ റെക്കോർഡാണ് രാജാ രവിവർമ യുടെ ശോദയും കൃഷ്ണനും ഭേദിച്ചത്. അമ്മ യശോദ പശുവിനെ കറക്കുന്നതും കുട്ടിയായ കൃഷ്ണൻ പുറകിൽ നിൽക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. രാജാ രവിവർമയുടെ തനത് ശൈലിയും, നിഴലും വെളിച്ചവും തമ്മിലുള്ള വ്യത്യാസം ഉപയോഗിച്ച് ചിത്രങ്ങൾക്ക് ജീവൻ നൽകുന്ന ‘ചിയാറോസ്ക്യുറോ’ എന്ന സാങ്കേതികതയും ചിത്രത്തിൽ പ്രകടമായി കാണാം. ശ്രീമദ് ഭാഗവതത്തിലെ പത്താം അധ്യായത്തിൽ നിന്നുള്ള ഒരു സന്ദർഭമാണ് ചിത്രം ആവിഷ്കരിക്കുന്നതെന്ന് എഴുത്തുകാരന്‍ ഗണേഷ് വി. ശിവസ്വാമി സാഫ്രൺ ആർട്ട് വെബ്‌സൈറ്റിൽ കുറിച്ചു. അതേസമയം കലാസൃഷ്ടികൾ വെറും അലങ്കാര വസ്തുക്കൾ എന്നതിലുപരി മികച്ച സാമ്പത്തിക നിക്ഷേപമാകുന്ന നിലയിലേക്ക് വിപണി മാറിക്കഴിഞ്ഞുവെന്നും ഈ റെക്കോർഡ് വില ഇന്ത്യൻ കലാവിപണിക്ക് പുതിയ ഉണർവ് നൽകുമെന്നും ഡൽഹി ആർട്ട് ഗാലറി (ഡി.എ.ജി) സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ആശിഷ് ആനന്ദ് അറിയിച്ചു. ‘ഇന്ത്യൻ കലാവിപണിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണ്ണായക നിമിഷമാണ്. രാജാരവിവർമയുടെ യശോദയും കൃഷ്ണനും ഇന്ത്യൻ കലയിലെ മോണാലിസ എന്ന് വിശേഷിപ്പിക്കാവുന്നത്രയും ഐതിഹാസികമായ സൃഷ്ടിയാണ്. 80 കോടി രൂപ പ്രതീക്ഷിച്ചിരുന്ന ഈ ചിത്രം അതിന്റെ ഇരട്ടിയിലധികം വില നേടിയത് ഇന്ത്യൻ കലയിലുള്ള ആഗോള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജാ രവിവർമ ചിത്രത്തിന് ലേലത്തിൽ റെക്കോർഡ് തുക: ഐതിഹാസിക ചി… | Boolokam