തൃശൂർ: തൃശൂർ നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജൻ ജെ. പല്ലൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്ന് മുൻ മന്ത്രിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ വി.എസ്. സുനിൽകുമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫ് എം.എൽ.എമാർ നടത്തിയ വികസന പരിപാടികൾ രാജൻ പല്ലൻ സ്വന്തം നേട്ടമായി അവതരിപ്പിക്കുയാണ്. ഇതിനെതിരെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പട്ടാളം റോഡിന്റെ കുപ്പിക്കഴുത്ത് നീക്കി സഞ്ചാരയോഗ്യമാക്കിയത് എൽ.ഡി.എഫ് ഭരണകാലത്താണ്. പഴയ പോസ്റ്റ് ഓഫിസ് നിന്ന സ്ഥലം വിട്ടുകിട്ടാൻ ഡൽഹിയിൽ പോയി അനുമതി നേടി. ആ സ്ഥലം റോഡാക്കിമാറ്റി. ഇതിൽ രാജൻ പല്ലന് പങ്കില്ല. അന്ന് കോർപറേഷൻ മേയർ അജിത വിജയൻ ആയിരുന്നു. പൂത്തോൾ റെയിൽവേ മേൽപ്പാലം 2016-21 കാലത്ത് എം.എൽ.എയുടെ പരിശ്രമഫലമാണ്. മന്ത്രി കെ.ടി. ജലീലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ പോലും അന്ന് കൗൺസിലറായ രാജൻ പല്ലൻ പങ്കെടുത്തിരുന്നില്ല. എം.ജി. റോഡ് വീതി കൂട്ടുന്ന പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. 2020- 25 കാലഘട്ടത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എയുടെ മുൻകൈയിൽ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് ഏഴ് കോടി രൂപ അനുവദിച്ചു. ഇതിൽ രാജൻ പല്ലന് യാതൊരു പങ്കുമില്ല. ശക്തൻ ബസ് സ്റ്റാൻഡ് നവീകരണത്തിന് സംസ്ഥാന ബജറ്റിൽനിന്ന് പത്തു കോടി രൂപയും മാർക്കറ്റുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് രണ്ടുകോടി രൂപയും അനുവദിച്ചു. അതിലും രാജൻ പല്ലന് പങ്കില്ലെന്ന് വി.എസ്. സുനിൽ കുമാർ പറഞ്ഞു. എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.ബി. സുമേഷ്, പി. ബാലചന്ദ്രൻ എം.എൽ.എ, മുൻ മേയർമാരായ അജിത ജയരാജൻ, അജിത വിജയൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

രാജൻ ജെ. പല്ലന്റെ അവകാശവാദങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് -വി.എസ്. സുനിൽകുമാർ
M
MadhyamamSource Link
about 1 month ago