രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് സ്ത്രീകളെ കവചമാക്കുന്നു -കനിമൊഴി

രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് സ്ത്രീകളെ കവചമാക്കുന്നു -കനിമൊഴി

ന്യൂഡൽഹി: ബി.ജെ.പി സർക്കാർ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സ്ത്രീകളെ കവചമായി ഉപയോഗിക്കുകയാണെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നത് ബി.ജെ.പി വിരിച്ച കെണിയാണെന്നും ഇതിനെ എതിർത്താൽ അത് സ്ത്രീവിരുദ്ധമാണെന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് കനിമൊഴി പറഞ്ഞു. വനിതാ സംരക്ഷണത്തിന്റെ പേരിൽ കൊണ്ടുവന്നിട്ടുള്ള മൂന്ന് ബില്ലുകൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നാക്രമണമാണ്. മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നതോടെ, ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയില്‍ നടത്തിയ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകും. നീതി എന്നത് എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നതാണ്. രാജ്യത്തിന്റെ ജനാധിപത്യ ഭൂപടം മാറ്റിവരക്കാനാണ് കേന്ദ്രശ്രമം. വനിതാ സംവരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി മണ്ഡലപുനർനിർണയം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും നിലവിലുള്ള 543 സീറ്റുകളിൽതന്നെ സംവരണം നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബില്ലിനെതിരെ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങളെ പരിഹസിച്ച പ്രധാനമന്ത്രി, കറുത്ത വസ്ത്രം കണ്ണേറ് തടയാനുള്ള കറുത്ത പൊട്ടുപോലെയാണെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, ഹിന്ദുത്വത്തെ സംരക്ഷിക്കാൻ നിൽക്കുന്നവർക്ക് കറുത്ത വസ്ത്രം ധരിച്ച കാളീദേവിയെ ഓർമ വരാത്തതിൽ തനിക്ക് അത്ഭുതമുണ്ടെന്ന് കനിമൊഴി മറുപടി നൽകി. കറുപ്പ് എന്നത് തങ്ങളുടെ ബൗദ്ധിക നേതാവായ പെരിയോറുടെ നിറമാണെന്നും അവസാന ശ്വാസം വരെ പോരാടാനാണ് അദ്ദേഹം തങ്ങളെ പഠിപ്പിച്ചിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് സ്ത്രീകളെ കവചമാക്കുന്നു -കനിമൊഴി —… | Boolokam