മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് നേരെ വെടിവെപ്പ് നടത്തിയ മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ. 32കാരനായ ആകാശാണ് അറസ്റ്റിലായത്. ഇയാൾ ലോറൻസ് ബിഷ്‍ണോയ് യുടെ സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. രാജസ്ഥാനിലെ പൊലീസ് എൻകൗണ്ടറിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. എൻകൗണ്ടറിൽ ആകാശിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കനത്ത പൊലീസ് സുരക്ഷയിൽ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ് ആകാശ്. സാധുവാലി ചെക്പോസ്റ്റിന് സമീപം വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പഞ്ചാബിൽനിന്ന് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ സഞ്ചരിക്കുമ്പോൾ പൊലീസ് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ പൊലീസിന് നേരെ ഇയാൾ മൂന്ന് റൗണ്ട് വെടിയുതിർത്തു. പൊലീസ് നടത്തിയ വെടിവെപ്പിൽ ആകാശിന്റെ കാലിന് പരിക്കേറ്റതായാണ് വിവരം. ലോറൻസ് സംഘത്തിലെ പ്രധാന കൂട്ടാളിയായ അർസൂ ബിഷ്‍ണോയിയുടെ നിർദേശപ്രകാരമാണ് ആകാശ് പ്രവർത്തിക്കുന്നതെന്ന് ഇൻസ്പെക്ടർ ജനറൽ ഓം പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതി സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നും രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജനുവരിയിലായിരുന്നു രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലായിരുന്നു. വീടിന്റെ ഭിത്തിയിലേക്കാണ് അക്രമികൾ വെടിവെച്ചത്.

രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പ്; മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ
M
MadhyamamSource Link
about 1 month ago