ര​ണ്ടു മി​ടു​ക്ക​ർ, ഒ​രു സീ​റ്റ്; തൃ​ത്താ​ല​യു​ടെ ‘ധ​ർ​മ​സ​ങ്ക​ടം’

ര​ണ്ടു മി​ടു​ക്ക​ർ, ഒ​രു സീ​റ്റ്; തൃ​ത്താ​ല​യു​ടെ ‘ധ​ർ​മ​സ​ങ്ക​ടം’

M
MadhyamamSource Link
പാലക്കാട്: രണ്ടു പാർട്ടികളിലാണെങ്കിലും അവർ ‘ഇരുവർ’ പലനിലക്കും ഒപ്പത്തിനൊപ്പമാണ്. സൗമ്യമായ പെരുമാറ്റം, മൂർച്ചയുള്ള നിലപാടുകൾ, ജനകീയ പ്രതിച്ഛായ, പുതുതലമുറയിൽ സ്വാധീനമുറപ്പിച്ചർ. എം.ബി. രാജേഷിനും വി.ടി. ബൽറാമിനുമിടയിലെ സാമ്യതകളുടെ പട്ടിക നീണ്ടതാണ്. ഇരുവരും ഒരിക്കൽ കൂടി അങ്കത്തട്ടിൽ നിൽക്കുമ്പോൾ തൃത്താലയുടെ മണ്ണ് ആരെ നെഞ്ചേറ്റും? മലപ്പുറത്തോട് ചേർന്ന തൃത്താല ഇടതുസ്വഭാവമുള്ള മണ്ണാണ്. 1991 മുതൽ നാലുതവണ സി.പി.എം ജയിച്ച മണ്ഡലം 2011ൽ വി.ടി. ബൽറാമിലൂടെ കോൺഗ്രസ് പിടിച്ചെടുത്തതാണ്. നാട്ടുകാരനായ മിടുക്കൻ പയ്യനെന്ന പ്രതിച്ഛായയിൽ 2016ലും വിജയം നേടിയ, ബൽറാമിനെ പിടിച്ചുകെട്ടാൻ തന്നെയാണ് പാർലമെന്റിൽ തിളങ്ങിയ എം.ബി. രാജേഷിനെ 2021ൽ ഇവിടേക്ക് കൊണ്ടുവന്നത്. അത് വർക്കൗട്ടായപ്പോൾ രാജേഷ് 2019 പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ക്ഷീണം മാറ്റി. രണ്ടാം പിണറായി സർക്കാറിൽ സ്പീക്കറും പിന്നീട് മന്ത്രിയുമായി കേരള രാഷ്ട്രീയത്തിൽ രാജേഷ് കളം നിറഞ്ഞു. അതേസമയം, തോറ്റെങ്കിലും തൃത്താലയിൽ തമ്പടിച്ച് അടുത്ത അങ്കത്തിനുള്ള ഒരുക്കത്തിലായിരുന്നു ബൽറാം. അത് നേരത്തേ രാജേഷ് മനസ്സിലാക്കി. മണ്ഡലത്തെ ചേർത്തുപിടിച്ചതിന് തെളിവായി 1000ത്തിലധികം കോടികളുടെ വികസന പദ്ധതികളുടെ പ്രോഗ്രസ് ചാർട്ടുമായാണ് രാജേഷിന്റെ പ്രചാരണം. അത് വെറും പി.ആർ റിപ്പോർട്ടെന്നാണ് ബൽറാമിന്റെ മറുപടി. സൈബർ ലോകത്ത് ഇരുവരും നേർക്കുനേർ വരുമ്പോൾ അത് കേവലം ‘കടിപിടി’ അല്ല. മറിച്ച് നിലവാരമുള്ള സംവാദത്തിന്റെ നിലയിലാണ് മുന്നേറുന്നത്. പ്രചാരണം അവസാന ലാപിലേക്ക് നീങ്ങുമ്പോഴും തൃത്താലയുടെ മനസ്സ് തെളിയുന്നില്ല. ഇരുവരെയും ഇഷ്ടപ്പെടുന്ന വോട്ടർമാർ ത്രിശങ്കുവിലാണ്. ഒരാളെ ജയിപ്പിക്കണമെങ്കിൽ അത്രതന്നെ പ്രിയപ്പെട്ട മറ്റൊരാളെ തോൽപിക്കണം. ആരു ജയിച്ചാലും സന്തോഷമെന്ന വാക്കിൽ ഈ നാട്ടുകാർ സസ്പെൻസ് ഒളിപ്പിക്കുന്നു. 2016ൽ 10,000ത്തിലധികം വോട്ടിന് ജയിച്ച ബൽറാം കഴിഞ്ഞ തവണ 3016 വോട്ടിനാണ് പിന്നിലായത്. ശേഷം നടന്ന ലോക്സഭ, തദ്ദേശ വോട്ടുകളിൽ മണ്ഡലത്തിൽ യു.ഡി.എഫിനാണ് മേൽക്കൈ. എട്ടു പഞ്ചായത്തുകളിൽ അഞ്ചും നേടിയ യു.ഡി.എഫിന്റെ ലീഡ് 6,000ത്തിലേറെയാണ്. നിലപാടുകൾ കൊണ്ട് കളം നിറയുന്ന കേരള രാഷ്ട്രീയത്തിലെ രണ്ട് ‘ബ്രാൻഡ്’ യുവനേതാക്കളിൽ ആര് കിരീടം ചൂടിയാലും, നിയമസഭക്ക് നഷ്ടമാകുന്ന ‘മറുശബ്ദം’ രാഷ്ട്രീയ കേരളത്തിന് ഒരു നഷ്ടമായിരിക്കും. വിദൂരമായ മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണനാണ് സ്ഥാനാർഥി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ര​ണ്ടു മി​ടു​ക്ക​ർ, ഒ​രു സീ​റ്റ്; തൃ​ത്താ​ല​യു​ടെ ‘ധ​ർ​മ​സ​… | Boolokam