മനാമ: മേഖയിൽ നടന്ന സംഘകർഷം ആഗോള വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറച്ചതോടെ റബ്ബർ കൈയുറകളുടെ വില കുതിച്ചുയരുന്നു. ഉൽപ്പാദനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് പ്രമുഖ കമ്പനികൾ മുന്നറിയിപ്പ് നൽകിയതോടെ ആരോഗ്യമേഖല കടുത്ത ആശങ്കയിലാണ്. സിന്തറ്റിക് റബർ കൈയുറകളുടെ ശരാശരി വിലയിൽ 40 ശതമാനമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. 1000 കൈയുറകൾ അടങ്ങിയ ഒരു ബോക്സിന് നിലവിൽ 29 ഡോളറാണ് വില ഈടാക്കുന്നതെന്ന് സി.ഐ.എം.ബി സെക്യൂരിറ്റീസ് അനലിസ്റ്റ് ഓങ് ചുൻ സങ് വ്യക്തമാക്കി. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടർന്നാൽ മെയ് അവസാനത്തോടെ വിപണിയിൽ കൈയുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുമെന്ന് മലേഷ്യയിലെ സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പെട്രോകെമിക്കൽ ഉൽപ്പന്നമായ നാഫ്തയുടെ വില റെക്കോർഡ് നിലവാരത്തിൽ എത്തിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ആഗോള എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് നാഫ്ത ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ആശുപത്രികളിലെ എല്ലാ സേവനങ്ങൾക്കും കൈയുറകൾ അത്യന്താപേക്ഷിതമാണെന്നും, ക്ഷാമമുണ്ടായാൽ ചികിത്സാ രംഗം ദുഷ്കരമാകുമെന്നും മലേഷ്യൻ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അധികൃതർ പറഞ്ഞു. നിലവിൽ പല ആശുപത്രികളിലും മാസങ്ങളോളം ഉപയോഗിക്കാനുള്ള സ്റ്റോക്ക് ഉള്ളത് താൽക്കാലിക ആശ്വാസമാണ്. കോവിഡ് കാലത്തെ അനുഭവങ്ങളിൽ നിന്നാണ് ഇത്തരമൊരു കരുതൽ ശേഖരം ഒരുക്കിയത്. എങ്കിലും, ആഗോള ഉൽപ്പാദനത്തിന്റെ പകുതിയോളം കൈയ്യാളുന്ന മലേഷ്യൻ കമ്പനികൾ വില ഇനിയും വർധിപ്പിക്കുമെന്ന സൂചനയാണ് നൽകുന്നത്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും വിപണി സാധാരണ നിലയിലാകാൻ ഇനിയും മാസങ്ങൾ എടുത്തേക്കും.

റബർ കൈയുറകളുടെ വില കുതിച്ചുയരുന്നു; കടുത്ത ആശങ്കയിൽ ആരോഗ്യമേഖല
M
MadhyamamSource Link
22 days ago