മഡ്രിഡ്: ലാ ലിഗയിൽ കറ്റാലന്മാർ വാണ കാലത്തും റയൽ മഡ്രിഡിനെ മാറ്റിനിർത്തി ഒന്നും മുന്നോട്ടുപോയിട്ടില്ല. സാന്റിയാഗോ ബെർണബ്യുവിലും ക്യാമ്പ് നൂവിലും നടന്ന എൽ ക്ലാസിക്കോ പോരാട്ടങ്ങൾ നൽകിയ ആവേശത്തോളം സോക്കർ ലോകത്ത് വലിയ സംഭവങ്ങളും വിരളം. സമീപകാലത്ത് മെസ്സി പോയ ബാഴ്സയെ ആരാധകർ കൈവിടുമെന്നായപ്പോഴും റയൽ മഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടത്തുടർച്ചകളുമായി ലോകത്തെ അദ്ഭുതപ്പെടുത്തി. അതിനിടെയാണ് ടീമിനെ ഉടച്ചുവാർത്ത് പുതിയ കോച്ച് അൽവാരോ അർബിലോവ നടപ്പാക്കി വരുന്ന കൗമാര വിപ്ലവം. തിയാഗോ പിട്ടാർക്ക് (18 വയസ്സ്), ഡാനി യാനെസ് (18), ജോർജ് സെസ്റ്ററോ (19), വിക്ടർ വാൽഡിപിനാസ് (18), ഡീഗോ അഗ്വാഡോ (19), സീസർ പലാസിയോസ് (21), മാനുവൽ ഏയ്ഞ്ചൽ (22) എന്നിങ്ങനെ സീനിയർ ടീമിൽ ഇടംപിടിച്ച കൗമാരക്കാരേറെ. കോച്ചിന്റെ കുപ്പായത്തിൽ അർബിലോവ ഒമ്പതാഴ്ച പിന്നിടുന്നതിനിടെയാണ് പുതുരക്തത്തിൽ ഇത്രയും വിശ്വാസമർപ്പിക്കാനും റയലിന്റെ ബി ടീമിൽനിന്ന് ഇത്രയും പേർക്ക് പ്രമോഷൻ നൽകാനും തീരുമാനമെടുത്തതും വിജയകരമായി നടപ്പാക്കിയതും. അൽപം മുമ്പ് ടീമിനൊപ്പം ചേർന്ന ഗൊൺസാലോ ഗാർസിയ, റൗൾ അസൻസിയോ എന്നിവർ കൂടിയാകുമ്പോൾ എതിരാളികൾ എത്ര കടുപ്പമായാലും ഒന്ന് പേടിക്കും. തുർക്കിയ താരം അർഡ ഗുലർ (21), 18കാരനായ അർജന്റീന താരം ഫ്രാങ്കോ മസ്റ്റൻറ്റ്വോനോ, ഡീൻ ഹ്യൂജ്സെൻ (20) എന്നിവരെല്ലാം ഇളമുറക്കാരാണ്. യുവാൻ മാർടിനെസ്, ലമീനി ഫാതി, ജീസസ് ഫോർടിയ എന്നിവരെല്ലാം 19കാരാണ്. ലാ ലിഗയിൽ ടീമിപ്പോൾ രണ്ടാമതാണ്. ഒന്നാമതുള്ള ബാഴ്സലോണയെക്കാൾ നാല് പോയിന്റ് പിറകിൽ. എന്നാൽ, പിട്ടാർക്ക് നയിക്കുന്ന ഇളമുറക്കാരെ കൂട്ടി ഇത്തവണ കിരീടം പിടിക്കാമെന്ന് കോച്ചും ആരാധകരും കണക്ക് കൂട്ടുന്നു. മുമ്പ് റയലിന്റെ യൂത്ത് ടീമിലൂടെ അതിവേഗം സീനിയർ നിരയിലെത്തിയ അനുഭവവുമായാണ് കോച്ച് ഇത്തരം ധീരമായ പരീക്ഷണങ്ങൾക്കിറങ്ങുന്നത്. യൂറോപിൽ എല്ലാ ടീമുകളിലും ഇത്തരം പരീക്ഷണങ്ങൾ തകൃതിയാണ്. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കായി സെന്നി മയൂലു ഫൈനലിൽ ഗോൾ നേടുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ സ്കോററെന്ന റെക്കോഡും സ്വന്തം പേരിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രിമിയർ ലീഗിൽ ഗണ്ണേഴ്സിനായി ഗോൾ നേടി മാക്സ് ഡോമാനും ചരിത്രത്തിൽ ഇടം പിടിച്ചു. അടുത്തിടെ 20കാരനായ കെനൻ യിൽദിസ് യുവന്റസ് നായകനായതും റെക്കോഡാണ്. ബാഴ്സയിൽ ലമീൻ യമാലിന്റെ കുതിപ്പും സമാനതകളില്ലാത്തത്.
