തെഹ്‌റാൻ: റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്ന അമേരിക്ക, നിലവിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ലോകരാഷ്ട്രങ്ങളോടും ഇന്ത്യയോടും യാചിക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി . ഇറാനെതിരെ ഇസ്രായേൽ-യു.എസ് സഖ്യം യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിലപാടിലെ ഈ ഇരട്ടത്താപ്പെന്ന് അദ്ദേഹം പരിഹസിച്ചു. "മാസങ്ങളോളം ഇന്ത്യയെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽനിന്ന് വിരട്ടിയവർ, ഇപ്പോൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങൂ എന്ന് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രങ്ങളോടും യാചിക്കുകയാണ്," അബ്ബാസ് അരാഗ്ചി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. റഷ്യയുടെ എണ്ണ വരുമാനത്തിലുണ്ടായ വൻ വർധനവിനെക്കുറിച്ചുള്ള 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ടും അദ്ദേഹം ഇതിനൊപ്പം പരാമർശിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, റഷ്യൻ എണ്ണ വാങ്ങാൻ മറ്റു രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ച താൽക്കാലിക അനുമതി നൽകിയിരുന്നു. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിനായി യു.എസ് ട്രഷറി ഡിപ്പാർടുമെന്റ് 30 ദിവസത്തെ പ്രത്യേക ഇളവും അനുവദിച്ചിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ നേരത്തേ 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു ട്രംപ്. എന്നാൽ, നിലവിലെ എണ്ണക്ഷാമം പരിഹരിക്കാൻ ഇന്ത്യയെ വീണ്ടും റഷ്യൻ വിപണിയിലേക്ക് തിരിയാൻ അനുവദിക്കുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. യു.എസിന്റെ ഈ നിലപാടിനു പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് യു.എസ് കെഞ്ചുന്നു -ഇറാൻ വിദേശകാര്യമന്ത്രി
M
MadhyamamSource Link
about 2 months ago