റാപ്പറിൽനിന്ന് പ്രധാനമന്ത്രിയിലേക്ക്... നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

റാപ്പറിൽനിന്ന് പ്രധാനമന്ത്രിയിലേക്ക്... നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

M
MadhyamamSource Link
കാഠ്മണ്ഡു: നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ വെള്ളിയാഴ്ച സത്യപ്രതിജ്ഞ​ ചെയ്തു. റാപ്പർ, എൻജിനീയർ, ​സോഷ്യൽ മീഡിയ താരം എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ 35 കാരനാണ് ബാ​ലേന്ദ്ര ഷാ. ബാലൻ എന്നാണ് അദ്ദേഹത്തെ ആരാധകർ വിളിക്കുക. നേപ്പാളിൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി) വൻ വിജയം നേടിയിരുന്നു. കഴിഞ്ഞദിവസം ആർ.എസ്.പിയുടെ പാർലമെന്ററി പാർട്ടി നേതാവായി ബാ​ലേന്ദ്ര ഷാ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘പാർലമെന്ററി പാർട്ടി യോഗം ബാലനെ നേതാവായി തെരഞ്ഞെടുത്തു. രാജ്യത്തെ ഉന്നത എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു’ -ആർ‌.എസ്‌.പിയുടെ കേന്ദ്ര സംഘടനാ സമിതി സെക്രട്ടറി ശങ്കർ ശ്രേഷ്ഠ പറഞ്ഞു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ വൈകുന്നേരം പ്രഖ്യാപിച്ചേക്കും. ഈ മാസം ആദ്യം ഷായുടെ നേതൃത്വത്തിൽ ആർ.എസ്.പി പൊതു തെരഞ്ഞെടുപ്പിൽ മികച്ച വിജയം ഉറപ്പാക്കിയിരുന്നു. 275 സീറ്റുകളിൽ 182 സീറ്റുകളാണ് പാർട്ടി നേടിയത്. തലമുറമാറ്റവും അഴിമതി രഹിത ഭരണവും ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നേപ്പാൾ സാക്ഷിയായ ജെൻസി പ്രക്ഷോഭത്തിന് പിന്നാലെ നടത്തിയ ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് പരമ്പരാഗത പാർട്ടി കൂട്ടുകെട്ടുകളെ തകർത്ത് ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പാർട്ടി വിജയം നേടിയത്. ജാപ -5 മണ്ഡലത്തിൽനിന്നാണ് ബാലേന്ദ്ര ഷാ വിജയിച്ചത്. നാലുതവണ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശർമ ഓലിയായിരുന്നു ബാലേന്ദ്രയുടെ എതിരാളി. ഫെഡറൽ പാർലമെന്റ് മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. സഭയിലെ ഏറ്റവും മുതിർന്ന അംഗമായ 78 കാരനായ അർജുൻ നരസിംഹ കെ.സി. സത്യവാചകം ചൊല്ലിക്കൊടുത്തു. ബാലേന്ദ്ര ഷായുടെ നേതൃത്വത്തിൽ 15–18 അംഗങ്ങളുള്ള മന്ത്രിസഭ രൂപീകരിക്കാനാണ് സാധ്യത.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റാപ്പറിൽനിന്ന് പ്രധാനമന്ത്രിയിലേക്ക്... നേപ്പാളിലെ ഏറ്റവും… | Boolokam