റിയാദ്: താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മാഈൽ (51) ആണ് റിയാദിലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. റിയാദിലെ അസസീയയിൽ താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കുന്നതിനായി സൾഫ്യൂരിക് ആസിഡ് ഒഴിച്ചിരുന്നു. ഇതിൽ നിന്നും പുറപ്പെട്ട തീവ്രമായ വിഷവാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്‌റൂമിൽ പോയ ഈസ്മാഈൽ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ അൽഈമാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു. ആലസ്സൻകുട്ടിയാണ് പിതാവ്. ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്‍റെ നേതൃത്വത്തിൽ നടക്കുന്നു.

റിയാദിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു
M
MadhyamamSource Link
about 2 months ago