ലണ്ടൻ: ഫുട്ബോൾ മൈതാനത്തെ തന്ത്രങ്ങളുടെ തമ്പുരാൻ പെപ് ഗ്വാർഡിയോളയ്ക്ക് ഇത് കേവലം ഒരു കിരീടനേട്ടം മാത്രമല്ല, വ്യക്തിജീവിതത്തിലെ കനൽവഴികൾക്കിടയിൽ കിട്ടിയ മധുരവിജയം കൂടിയാണ്. കഴിഞ്ഞ ദിവസം അഞ്ചാം തവണയും ലീഗ് കപ്പ് മാഞ്ചസ്റ്റർ സിറ്റിയുടെ ഷെൽഫിലെത്തിച്ച് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകനെന്ന റെക്കോർഡ് സ്വന്തമാക്കുമ്പോഴും ഗ്വാർഡിയോളയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. മൈതാനത്തെ ആഘോഷങ്ങൾക്കിടയിൽ മകൾ മരിയയെ നെഞ്ചോട് ചേർത്തുപിടിച്ച ആ നിമിഷം സിറ്റി ആരാധകരുടെ ഹൃദയം കവർന്നു. മൈതാനത്ത് കളിക്കാർക്കും പരിശീലകർക്കുമൊപ്പം ചിരിച്ചുല്ലസിച്ച ഗ്വാർഡിയോളയുടെ ഏറ്റവും വൈകാരികമായ നിമിഷം 25-കാരിയായ മകൾ മരിയയ്ക്കൊപ്പമായിരുന്നു. അച്ഛന്റെ ചരിത്രവിജയത്തിന് സാക്ഷ്യം വഹിക്കാൻ ഗാലറിയിലുണ്ടായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് കപ്പിൽ സിറ്റി മുത്തമിടുന്നത്. വിജയത്തിന് പിന്നാലെ മൈതാനത്തിറങ്ങിയ മരിയ അച്ഛനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന വീഡിയോയും ചിത്രങ്ങളും നിമിഷങ്ങൾക്കകം വൈറലായി. ഇൻസ്റ്റാഗ്രാമിൽ എട്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ കൂടിയായ മരിയ പങ്കുവെച്ച ചിത്രത്തിനടിയിൽ കമന്‍റുകൾ നിറഞ്ഞു. ബാഴ്സലോണയിലും ബയേൺ മ്യൂണിക്കിലും വിജയക്കൊടി പാറിച്ച 55-കാരനായ ഗ്വാർഡിയോളയ്ക്ക് കളത്തിന് പുറത്ത് ഇത് കഠിനമായ വർഷമായിരുന്നു. 18-ാം വയസ്സിൽ കണ്ടുമുട്ടിയ തന്റെ പ്രിയതമ ക്രിസ്റ്റീന സെറയുമായുള്ള നീണ്ട ദാമ്പത്യം കഴിഞ്ഞ വർഷമാണ് അവസാനിച്ചത്. പത്ത് വർഷം നീണ്ട വിവാഹജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. മരിയയെ കൂടാതെ മാരിയസ്, വാലന്റീന എന്നീ രണ്ട് മക്കൾ കൂടി ഇവർക്കുണ്ട്. വേർപിരിയലിന് ശേഷം ക്രിസ്റ്റീന സ്വന്തം ബിസിനസ് കാര്യങ്ങൾക്കായി ബാഴ്സലോണയിലേക്ക് മടങ്ങിയത് ഗ്വാർഡിയോളയെ മാനസികമായി തളർത്തിയിരുന്നു. ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ് അദ്ദേഹം ടീമിനെ വിജയപഥത്തിലെത്തിച്ചത്. ലീഗ് കപ്പിലെ ഈ വിജയം ടീമിന് വലിയ ഊർജ്ജമാണ് നൽകുന്നത്. പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ഒന്നാമതുള്ള ആഴ്സണലിനേക്കാൾ ഒമ്പത് പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റിയിപ്പോൾ. ഈ പോയിന്റ് വ്യത്യാസം മറികടന്ന് കിരീടം നിലനിർത്താൻ ഗ്വാർഡിയോളയുടെ തന്ത്രങ്ങൾ ഇനിയും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

റെക്കോർഡ് തിളക്കത്തിലും കണ്ണുനിറഞ്ഞ് ഗ്വാർഡിയോള; വിജയവേദിയിൽ സാന്ത്വനമായി മകൾ മരിയ
M
MadhyamamSource Link
about 2 months ago