അബൂദബി: കനത്തമഴ അടക്കമുള്ള പ്രതികൂല സാഹചര്യം കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ സജീവമായി അബൂദബി പൊലീസ് നിരത്തില്‍. വാഹനങ്ങള്‍ നിയന്ത്രിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയുമാണ് പൊലീസ് റോഡുകളില്‍ നിലയുറപ്പിച്ചത്. മഴയെത്തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിനാല്‍ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടുന്നതടക്കമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പൊലീസ് ബോധവല്‍ക്കരണം അടക്കമുള്ള നടപടികളുമായി രംഗത്തുവന്നത്. മഴ പെയ്യുന്ന സമയത്ത് താഴ്വരകള്‍, വാദികള്‍, അണക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചാൽ 1000 ദിര്‍ഹം പിഴയും ആറ് ട്രാഫിക് പോയിന്റുകളും ചുമത്തും. മഴവെള്ളം ഒഴുകുന്ന സമയത്ത് വാദികളില്‍ പ്രവേശിച്ചാല്‍ 2000 ദിര്‍ഹം പിഴയും 23 ട്രാഫിക് പോയിന്റും ചുമത്തുകയും വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. അടിയന്തര സേവനങ്ങള്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ 1000 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റും വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയുമാണ് ചെയ്യുക.
