പുണ്യറമദാൻ വിടപറഞ്ഞു. എല്ലാവരും ഈദ് ആഘോഷത്തിന്റെ സന്തോഷങ്ങളിലാണ്. ഉള്ളിലെവിടെയോ ഒരു പിടച്ചിൽ. അത്രമേൽ പ്രിയപ്പെട്ട ഒരാൾ വിട പറഞ്ഞു പോകുന്ന നൊമ്പരം ഉള്ളുലക്കുന്നു. പറയാൻ വന്നിട്ട് നോമ്പല്ലേന്നോർത്ത് പാതിയിൽ നിർത്തി അസ്തഗ്ഫിറുള്ളാന്ന് പറഞ്ഞ കൊച്ചു വർത്തമാനങ്ങൾ, ഗോസിപ്പുകൾ, ഉപ്പും മുളകും രുചിച്ച് നോക്കുക പോലും ചെയ്യാതെ കുടുംബത്തിനും ബന്ധുമിത്രാദികൾക്കും വേണ്ടി പാകം ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ, പ്രിയപ്പെട്ടവർക്കായി കൈമാറിയ പലഹാരപ്പൊതികൾ, സുജൂദിൽ വീണു കിടന്ന് കരഞ്ഞ് നനഞ്ഞ മുസല്ലകൾ, ഭക്ഷണമുണ്ടാക്കുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും ചുണ്ടിൽ തങ്ങിനിന്ന ദിക്റുകൾ, മനോഹരമായ ഈണത്തിൽ ഇമാം ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിലേക്ക് മനസ്സ് ഏകാഗ്രമാക്കി നിന്ന ഖിയാമുൽലൈലുകൾ, നേർത്ത പ്രകാശത്തിൽ പാതിരാവിന്റെ ഇരുട്ടിലേക്ക് മിഴിപാകി കൈകൾ നാഥനിലേക്കുയർത്തി നിശ്ശബ്ദം ഉരുവിട്ട പരശ്ശതം ദുആകൾ, ആധികൾ, വേവലാതികൾ എല്ലാമെല്ലാം പിന്നിലേക്ക് മറയുകയാണ്. എത്ര വേഗമാണ് റമദാൻ വന്നതും പോയതും! ഇത്തവണത്തെ റമദാൻ അശാന്തമായിരുന്നു. വെട്ടിപ്പിടിക്കലിന്റെയും പലായനങ്ങളുടെയും യുദ്ധക്കൊതിയുടെയും ഇടയിൽ ലോകത്ത് കൊന്നുതള്ളിയ പൈതങ്ങളുടെ നിലയില്ലാത്ത കരച്ചിൽ നെഞ്ചിൽ ആളലായി. രാവിലെ സ്കൂളിലേക്ക് പോന്ന കുരുന്നുകൾ, എന്നെ പോലെ എത്രയോ അധ്യാപകർ, ഇനിയും പൂർത്തീകരിക്കാത്ത അവരുടെ നൂറുനൂറ് സ്വപ്നങ്ങൾ. എല്ലാം എത്ര പൊടുന്നനെയാണ് ആറടി മണ്ണിന്നടിയിലായത്. ഈ സംഘർഷങ്ങൾക്കിടയിലും നന്ദിയോടെ സ്മരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അപരിചിതമായ അനുഭവങ്ങളുടെ പുതിയൊരു പടവിലേക്ക് കടന്നു നിൽക്കുമ്പോഴും ഈ നാട് മനുഷ്യജീവിതം ദുരിതമയമല്ലാതാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. വിപണികളിൽ അനിയന്ത്രിതമായ വിലകയറ്റമില്ല, മാധ്യമങ്ങളിൽ ഭീതിപ്പെടുത്തുന്ന ഗ്വോ ഗ്വോ വിളികളില്ല, ആശുപത്രികൾ തുറന്നു പ്രവർത്തിക്കുന്നു. ഓൺലൈൻ ക്ലാസുകൾ സജീവമാണ്. പള്ളികളിൽ മുടങ്ങാതെ തറാവീഹും വിത്റും ഖിയാമുൽ ലൈലുമുണ്ട്. സമാധാനം നിറഞ്ഞു നിന്നിരുന്ന മദ്ധ്യപൂർവേഷ്യൻ ഭൂമിക അശാന്തമായിരിക്കുന്നു. പഴയ തണലുകളുടെ സൗഖ്യം എത്ര മാത്രമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ രാപകലുകൾ! ഭീതിജനകമായ മുന്നറിയിപ്പിനു ശേഷം ചില്ലുജനാലക്കപ്പുറം കാതടപ്പിക്കുന്ന ശബ്ദങ്ങൾ. കാലസമുദ്രത്തിലെ യുദ്ധകപ്പലോട്ടങ്ങൾ കോളിരമ്പുമ്പോൾ അയൽവാസിയെ പോലും സംശയത്തിൻ്റെ മുൾമുനയോടെ മാത്രമേ ഉറ്റുനോക്കാനാവുന്നുള്ളൂ. യാ അല്ലാഹ്... യാ സലാം... വ്യഥിതമായ മനസ്സോടെ കഴിഞ്ഞ പതിനഞ്ച് വർഷത്തെ ഖത്തർ നോമ്പോർമകളിലേക്ക് തിരിഞ്ഞു നോക്കി ഞാൻ. ഭൂതകാലത്തിന്റെ സ്മൃതിപേടകങ്ങളിൽ ഇന്നോളം അനുഭവിച്ച വിസ്മയങ്ങളുടെ ആകാശ ഭംഗികൾ അടുക്കടുക്കായി സിരാപടലങ്ങളിലാകെ ഊർജം നിറച്ചു. ഖത്തറിലെ ഓരോ റമദാനിലും എനിക്ക് തിരക്കായിരുന്നു. അധ്യാപികയും മൈലാഞ്ചി ആർട്ടിസ്റ്റുമായതിനാൽ സ്കൂളും ബാക്കി സമയത്ത് ഹെന്നയിടാൻ പോകലും പുണ്യമാസത്തിലെ ഇബാദത്തും എല്ലാം കൂടി നിന്നു തിരിയാൻ സമയമില്ലായിരുന്നു. റമദാൻ തുടങ്ങുമ്പോഴേ ഖത്തറി സ്ത്രീകളും കുട്ടികളും കൈ നിറയെ മൈലാഞ്ചിയിടും. മാനത്തുദിച്ച അമ്പിളിത്തെല്ലും നക്ഷത്രങ്ങളും തസ്ബീഹ് മാലയും എന്തിന് ഈന്തപ്പനകൾ വരെ ഭംഗിയായി കൈകളിൽ വരക്കാൻ പറയും. നോമ്പ് തുടങ്ങി ഒരാഴ്ചയാവുമ്പോൾ നമ്മുടെ നാട്ടിലെ ഇഫ്താർ പാർട്ടികളെ അനുസ്മരിക്കും വിധം ഇവിടെ മനോഹരമായ കഫ്ത്താനും അബായയുമണിഞ്ഞ് അറബി പെണ്ണുങ്ങൾ ഒന്നടങ്കം ഇഫ്താറിനും സുഹൂറിനുമിടയിൽ വീടുകളിൽ ഒത്തുകൂടും. രുചികരമായ ഭക്ഷണപദാർത്ഥങ്ങളും, ഖുർആൻ ക്വിസും മൈലാഞ്ചി ഇടലുമൊക്കെയായി സജീവമായ 'ഗാബ്ഗ നൈറ്റുകൾ'. പുലരും വരെ നീണ്ടു നിൽക്കുന്ന സ്നേഹത്തിന്റെ ഉയിരു തൊടുന്ന ഒത്തുചേരലുകൾ - കെട്ടിപ്പിടിക്കലും പൊട്ടിച്ചിരികളും. നോമ്പ് പതിനാലിന് ഖത്തറിൽ ഗരംഗാവോ അഥവാ കുട്ടികളുടെ പെരുന്നാളാണ്. അന്നുവരെ നോമ്പ് എടുത്ത കുട്ടികളെ സന്തോഷിപ്പിക്കാൻ വീടുകൾതോറും മുതിർന്നവർ കുട്ടികൾക്കുള്ള സമ്മാനപ്പൊതികൾ ഒരുക്കി വെച്ചിട്ടുണ്ടാവും. മാളുകളിലും പ്രത്യേകം ആഘോഷമുണ്ടാവും. സൂഖിലെ ചില്ലുപാത്രങ്ങളിൽ കണ്ടിട്ടുള്ള പല മധുരങ്ങളും കുഞ്ഞുകളിപ്പാട്ടങ്ങളും കപ്പലണ്ടിയും എല്ലാം കുത്തിനിറച്ച സുന്ദരൻ കുട്ടിസഞ്ചികൾ ! അപ്പോഴും പെൺകുട്ടികളും ഒരു പ്രായം കഴിഞ്ഞാൽ കുട്ടികളായി മാറുന്ന വൃദ്ധകളും കൈനിറയെ മൈലാഞ്ചി ഇടും. ഖത്തറിലെ ബന്ധുമിത്രാദികളുടേയും നിരവധി സംഘടനകളുടെയും നേതൃത്വത്തിൽ പാർക്കുകളിലും സ്കൂൾ ഓഡിറ്റോറിയങ്ങളിലും ഇഫ്താർ പാർട്ടികളും കൂടിച്ചേരലുകളും ദിനേന നടക്കും. സ്കൂളിലെ സഹപ്രവർത്തകരെല്ലാം കൂടി മുന്തിയ ഹോട്ടലുകളിൽ ഇഫ്താറിനു കൂടും. നമ്മുടെ മലയാളി കൂടിച്ചേരലുകളിൽ നിന്നും വിഭിന്നമായി മണിക്കൂറുകളോളം സംസാരിച്ച് മെല്ലെ മെല്ലെ തിന്നും കുടിച്ചും രാവെളുക്കുവോളം കൂടിയിരിക്കും. കൂടെ ജോലി ചെയ്യുന്ന യൂറോപ്യൻ സുഹൃത്തുക്കളും സന്തോഷത്തോടെ നോമ്പെടുക്കും. ഈ നാട്ടിലേക്ക് വരുന്നതുവരെ നോമ്പിനെയും നോമ്പെടുക്കുന്നവരെയും കുറിച്ച് അവർക്കുണ്ടായിരുന്ന മിഥ്യാധാരണകളെക്കുറിച്ചോർത്ത് പരിതപിക്കും. പിന്നെയങ്ങോട്ട് ഖിയാമുൽലൈൽ അഥവാ രാത്രി നമസ്കാരങ്ങൾ തുടങ്ങുകയായി. ജീവിതപ്രയാസങ്ങളുടെ ഭാണ്ഡങ്ങൾ വാരിക്കെട്ടി രാത്രിയുടെ ശാന്തതയിൽ റഹ്മാനായ റബ്ബിന്റെ മുന്നിൽ അഴിച്ചു വെക്കുന്ന ദൈർഘ്യമേറിയ സുജൂദുകൾ. വിഷാദച്ഛായ പടർന്ന ഓത്ത് കേട്ടു കണ്ണിൽ വെള്ളം നിറച്ചു ക്ലേശനിർഭരമായ ജീവിതയാത്രയുടെ പൊട്ടും പൊടിയും എല്ലാം അറിയുന്ന മലിക്കുൽജബ്ബാറിന്റെ മുന്നിൽ കുടഞ്ഞിടും. അള്ളാഹുവിനോട് അത്രമേൽ സ്വകാര്യമായ് ഹൃദയഭാഷണം നടത്തി കഴിഞ്ഞിറങ്ങുമ്പോൾ നെഞ്ചിലെ കനം കുറഞ്ഞ് പ്രത്യാശയുടെ പൊൻകിരണങ്ങൾ ഉള്ളിലാകെ പരക്കും.ജീവിതത്തിലെ അടവുകളെല്ലാം തുറസ്സാവും. എല്ലാ പാപങ്ങളും പൊറുത്തു തരാൻ കേണ് ഗഫൂറായ അള്ളാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കും. നോമ്പിന്റെ അവസാനത്തെ മൂന്നു ദിനരാത്രങ്ങൾ മൈലാഞ്ചി മണം എന്നിൽ നിറയും. ചിത്രം വരക്കുമ്പോഴൊക്കെ എന്റെ ചുണ്ടുകളിൽ അദ്കാറുണ്ടാവും. അല്ലാഹുമ്മ ഇന്നക അഫുവ്വുൻ തുഹിബ്ബുൽ അഫ്വ ഫഅ്ഫു അന്നി" -അല്ലാഹുവേ, നീ ഏറെ മാപ്പുനൽകുന്നവനാണ്, മാപ്പുനൽകുന്നതിനെ നീ ഇഷ്ടപ്പെടുകയും ചെയ്യുന്നു, അതിനാൽ എനിക്ക് നീ മാപ്പുനൽകേണമേ. മനസ്സുനിറയെ ഈ ദുആ മാത്രമായിരിക്കും. അനിയതമായ സംഭവവികാസങ്ങളുടെ ചുഴിയിൽ വീണ് യുദ്ധം നിഴൽ വീഴ്ത്തിയ റമദാനാണ് ഈ വർഷം. സാധാരണ ജീവിതത്തിന്റെ താളം തെറ്റിയ ഈ ദിനങ്ങളിൽ ഏതു നിമിഷവും ഒരു ദുരന്തമുണ്ടാവുമെന്ന ഭീതിയോടെ ഏഴാം കടലിനക്കരെ നിന്ന് വിളിക്കുന്നവരോട് പറയാറുള്ളത് ഞങ്ങൾക്ക് റബ്ബും ഖത്തറിന്റെ ഭരണാധികാരികളുമുണ്ട്. ഞാനോർക്കുകയാണ്. ഗസ്സ യുദ്ധഭൂമിയിൽ നിന്നുള്ള കുഞ്ഞുങ്ങളെ കണ്ടപ്പോഴൊന്നും നമ്മളും ഈ അനുഭവങ്ങളിലുടെ കടന്നുപോകുമെന്ന് സ്വപ്നേപി ചിന്തിച്ചിരുന്നില്ല. വിധി ഒരിക്കലും നമ്മുടെ മുന്നിൽ ഇനിയെന്ത് സംഭവിക്കുമെന്ന് വെളിപ്പെടുത്തുന്നില്ല. അല്ലെങ്കിൽ തന്നെ ജീവിതത്തോളം ആകസ്മികതകൾ നിലനിൽക്കുന്ന മറ്റെന്താണുള്ളത്? എല്ലാ ആകസ്മികതകൾക്കിടയിലും വിധിയെ മാറ്റി മറിക്കാൻ ശേഷിയുള്ള ലൈലത്തുൽ ഖദ്ർ ദിനത്തിലെ പ്രാർത്ഥനകളിൽ പരിചിതമല്ലാത്ത, തീർത്തും ഭീഷണമായ ഈ അവസ്ഥകൾ ഭൂലോകത്ത് നിന്നേ ഒഴിവാക്കണേന്നുള്ള ദുആയുണ്ട്. മിഡിൽ ഈസ്റ്റിലും ഗസ്സയിലും സുഡാനിലും യുക്രൈനിലും ഈ ഭൂമികയിൽ എല്ലായിടത്തും സമാധാനവും ശാന്തിയും പുലരട്ടെ. പുറത്തെ കാഴ്ചകളും തണുപ്പും സമാധാനവും വേണ്ടോളം നുകർന്ന് ഭൂതകാലത്തിലെ റമദാൻ പോലെ മഹിമയുറ്റ ദിനങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാം എത്രയും വേഗം പഴയപടി ആയിരുന്നെങ്കിൽ !
