ബൈറൂത്: ദക്ഷിണ ലബനാനിൽ ഇസ്രായേൽ കരസേനാ നീക്കം ശക്തമാക്കുന്നതിനിടെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗം കൊല്ലപ്പെട്ടു. അൽ ഖുസൈറിന് സമീപമുള്ള യു.എൻ താവളത്തിലുണ്ടായ സ്ഫോടനത്തിലാണ് ഇന്തോനേഷ്യൻ സ്വദേശിയായ സൈനികൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ യു.എൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണി ഗുട്ടെറസ് വ്യക്തമാക്കി. മാർച്ച് ആദ്യവാരം യുദ്ധം ആരംഭിച്ചത് മുതൽ പലതവണ യു.എൻ താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ലബനാൻ തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ജനവാസ മേഖലകളിലാണ് ബോംബുകൾ പതിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദക്ഷിണ ലബനാനിൽ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ഉള്ളിലായി ഒരു 'സുരക്ഷാ മേഖല' സൃഷ്ടിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. ലിതാനി നദി വരെയുള്ള പ്രദേശം പിടിച്ചെടുക്കാനായി ഇസ്രായേൽ സൈന്യം അതിവേഗം മുന്നേറുകയാണ്. ടൈർ നഗരത്തിന് എട്ട് കിലോമീറ്റർ അരികിൽ വരെ ഇസ്രായേൽ ടാങ്കുകൾ എത്തിയതായാണ് വിവരം. എന്നാൽ അതിർത്തി കൈയേറാൻ ശ്രമിക്കുന്ന ഇസ്രായേൽ സൈന്യത്തെ തടയാൻ ഹിസ്ബുല്ല ശക്തമായ പ്രതിരോധമാണ് തീർക്കുന്നത്. തിങ്കളാഴ്ച നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഇസ്രായേലി സൈനികർക്ക് പരിക്കേറ്റു. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ വധിക്കപ്പെട്ടതിന് പിന്നാലെയാണ് ഹിസ്ബുല്ല ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം പുനരാരംഭിച്ചത്. 2024 നവംബറിലെ വെടിനിർത്തലിന് ശേഷം ഹിസ്ബുല്ല പാലിച്ചുപോന്ന സംയമനം ഇതോടെ അവസാനിച്ചു. യുദ്ധം രൂക്ഷമായതോടെ ലബനാനിൽ മാനുഷിക പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഇസ്രായേലിന്റെ ഒഴിപ്പിക്കൽ ഉത്തരവിനെത്തുടർന്ന് ഇതുവരെ 12 ലക്ഷത്തിലധികം ആളുകൾക്ക് വീടുപേക്ഷിച്ച് ഓടേണ്ടി വന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ആശുപത്രികളും മാധ്യമ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് ലബനാനിലെ സ്ഥിതി അതീവ ഗുരുതരമാക്കുന്നുണ്ട്.

ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ യു.എൻ സേനാംഗം കൊല്ലപ്പെട്ടു; ബൈറൂത്തിൽ കനത്ത ബോംബാക്രമണം
M
MadhyamamSource Link
about 1 month ago