ബെെറൂത്: ദക്ഷിണ ലബനാനിലെ അൽ-ബയാദ പട്ടണത്തിൽ ഇസ്രായേൽ സൈന്യം വ്യാപകമായി വീടുകൾ തകർക്കുന്നതായി റിപ്പോർട്ട്. ലബനാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ ആണ് ഈ വിവരം പുറത്തുവിട്ടത്. ബുധനാഴ്ച പുലർച്ചെയുണ്ടായ സ്ഫോടനങ്ങളുടെ ശബ്ദം കിലോമീറ്ററുകൾ അകലെയുള്ള നഗരത്തിൽ വരെ മുഴങ്ങിക്കേട്ടു. ജനവാസ മേഖലകളിലെ കെട്ടിടങ്ങൾ ഇസ്രായേൽ സൈന്യം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിൽ വെടിനിർത്തൽ കരാർ നിലനിൽക്കുന്നുണ്ടെങ്കിലും ഇടക്കിടെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഇസ്രായേലും ലബനാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ വ്യാഴാഴ്ച വാഷിങ്ടണിൽ വെച്ച് നടക്കും. നിലവിലെ ദുർബലമായ വെടിനിർത്തൽ കരാർ ശക്തമാക്കാനും ശാശ്വതമായ സമാധാനം ഉറപ്പാക്കാനുമാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ഈ ചർച്ചകൾ ലക്ഷ്യമിടുന്നത്. ഇസ്രായേൽ ആക്രമണങ്ങളിൽ ലബനാനിൽ ഇതുവരെ 2,454 പേർ കൊല്ലപ്പെടുകയും 7,600ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഏപ്രിൽ 17 ന് നിലവിൽ വന്ന താൽകാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, തെക്കൻ ലബനാനിലെ 39 ഗ്രാമങ്ങളിൽ ഇസ്രായേൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിയതായി ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. 10 ദിവസത്തേക്കാണ് ഈ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നത്.പശ്ചിമേഷ്യയിലെ സമാധാനത്തിന് അമേരിക്കയുമായുള്ള ചർച്ചക്ക് ലബനാനിലെ വെടിനിർത്തൽ അനിവാര്യമാണെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതാണ് നിർണായകമായത്. കൂടുതൽ സുസ്ഥിരമായ ഒരു സമാധാന കരാറിലെത്തുന്നതിനായി ചർച്ചകൾക്ക് അവസരമൊരുക്കുക എന്നതായിരുന്നു വെടിനിർത്തലിന്റെ പ്രധാന ലക്ഷ്യം.അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും ലബനാൻ പ്രസിഡന്റ് ജോസഫ് ഔനും ഈ തീരുമാനത്തിലെത്തുകയായിരുന്നു.

ലബനാനിൽ വീടുകൾ തകർത്ത് ഇസ്രായേൽ സേന; രണ്ടാം ഘട്ട ചർച്ച വ്യാഴാഴ്ച നടക്കും
M
MadhyamamSource Link
18 days ago