ദുബൈ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലബനാനും ഇസ്രായേലും തമ്മിൽ താൽകാലിക വെടിനിർത്തിയതായുള്ള യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യു.എ.ഇ. ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുത്തുന്നതിനായി ട്രംപിന്‍റെ നേതൃത്വത്തിൽ നടന്ന നയതന്ത്ര ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പ്രാദേശികമായ സ്ഥിരതക്കും സമാധാനത്തിനും അനുകൂലമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള മികച്ച ചുവടുവെപ്പായി ഈ നടപടി മാറുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മേഖലയിലുടനീളം തുടർ സംഘർഷങ്ങൾ വ്യാപിക്കുന്നത് തടയുന്നതിനും മാനുഷികവും സുരക്ഷപരവുമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഫലപ്രദമായ അന്താരാഷ്ട്ര സഹകരണത്തിന്‍റെ പ്രാധാന്യം വിദേശകാര്യ മന്ത്രാലയം എടുത്തു പറഞ്ഞു. നിർണായക ഘട്ടത്തിൽ ലബനാൻ സർക്കാറിന് പൂർണ ഐക്യദാർഢ്യം അറിയിക്കുകയാണ്. രാജ്യത്തെ ആയുധങ്ങൾ സർക്കാറിന്‍റെ കൈവശമാണെന്ന് ഉറപ്പുവരുത്താനും തീവ്രവാദ സംഘടനകളെ തകർക്കാനുമുള്ള ശ്രമങ്ങൾ ഉൾപ്പെടെ ദേശീയ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക ചുവട്വെപ്പാണ് പുതിയ നീക്കമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ലബനാനിന്‍റെ ഐക്യത്തെ പിന്തുണക്കുന്നതിൽ യു.എ.ഇയുടെ അചഞ്ചലമായ പ്രതിബദ്ധതയും മന്ത്രാലയം എടുത്തുപറഞ്ഞു.

ലബനാൻ-ഇസ്രായേൽ വെടിനിർത്തൽ സ്വാഗതം ചെയ്ത് യു.എ.ഇ
M
MadhyamamSource Link
22 days ago