തെല്‍ അവീവ്: തങ്ങളുടെ ഉന്നത നേതാക്കളുടെ വധത്തിന് പിന്നാലെ ഇറാൻ ശക്തമായ തിരിച്ചടി ആരംഭിച്ചു. ഇസ്രായേലിലെ പ്രധാന നഗരങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നൂറുകണക്കിന് ഡ്രോണുകളും മൾട്ടിപ്പിൾ വാർഹെഡ് മിസൈലുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണം. മധ്യ ഇസ്രായേലിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച മിസൈലുകളും ഉപയോഗിച്ചു. മധ്യ ഇസ്രായേലിലെ ഗുഷ് ഡാൻ മേഖലയിൽ സ്ഫോടന ശബ്ദം കേട്ടതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഹോളോൺ നഗരത്തിൽ വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു, അവയിൽ ചിലതിന് തീപിടിക്കുകയും ചെയ്തു. തലസ്ഥാനമായ തെല്‍ അവീവ് നഗരത്തിലെ നൂറിലധികം ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് (ഐ.ആര്‍.ജി.സി) അവകാശപ്പെടുന്നത്. തെല്‍ അവീവ് നഗരത്തിലെ റെയില്‍വെ സ്റ്റേഷനുകളടക്കം ആക്രമണത്തിനിരയായി. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ട്രെയിന്‍ സര്‍വീസുകള്‍ നിർത്തിവെച്ചിരിക്കുകയാണ്. മൾട്ടി-വാർഹെഡ് ഖുർറംശഹ്ർ,4 ഖദ്ർ മിസൈലുകളും അതുപോലെ ഇമാദ്, ഖൈബർ ഷെക്കാൻ പ്രൊജക്‌ടൈലുകളും ആക്രമണത്തിനായി ഉപയോഗിച്ചെന്നും യാതൊരു തടസ്സങ്ങളും നേരിടാതെ അധിനിവേശ പ്രദേശങ്ങളുടെ ഹൃദയഭാഗത്തുള്ള നൂറിലധികം സൈനിക-സുരക്ഷാ കേന്ദ്രങ്ങളിൽ പതിച്ചുവെന്നും ഐ.ആര്‍.ജിസി വ്യക്തമാക്കി. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ തകർച്ചയാണ് തിരിച്ചടിയുടെ ഈ ഘട്ടത്തിന്റെ സവിശേഷതയെന്നും ഐ.ആര്‍.ജിസി പറയുന്നു. അതേസമയം പ്രത്യാക്രമണത്തിന്റെ ഫലമായി തെല്‍ അവീവിൽ വൈദ്യുതി തടസ്സം ഉണ്ടായതായും ഇത് സാഹചര്യം വഷളാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനെ തടസപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലാരിജാനിക്ക് പുറമെ മകനും സഹായി അലി റസ ബയാത്ത് ഉൾപ്പെടെ നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചിരുന്നു. ഇറാനിലെ ബാസിജ് ഫോഴ്സ് കമാന്റര്‍ ഗുലാം റസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.

ലാരിജാനിക്കെതിരായ ആക്രമണത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ; ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകളടക്കം അയച്ചു, രണ്ട് മരണം
M
MadhyamamSource Link
about 2 months ago