മനാമ: ബഹ്‌റൈന്‍റെ വാണിജ്യ, സാമ്പത്തിക, നിക്ഷേപ മേഖലകളിൽ ലുലു ഗ്രൂപ് നൽകി വരുന്ന സജീവമായ സംഭാവനകളെയും രാജ്യത്തുടനീളം ഗ്രൂപ് നടപ്പിലാക്കുന്ന വിജയകരമായ സംരംഭങ്ങളെയും പ്രശംസിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളുടെയും ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിൽ ഗ്രൂപ് വഹിക്കുന്ന പങ്കിനെയും ഹമദ് രാജാവ് പ്രശംസിച്ചു. അവശ്യസാധനങ്ങൾ സുലഭമാണെന്ന ഉറപ്പ് പൗരന്മാർക്കും താമസക്കാർക്കും നൽകുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ വലിയ സഹായകരമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബഹ്‌റൈന്‍റെ സാമ്പത്തിക, വാണിജ്യ പുരോഗതിക്കും വളർച്ചയ്ക്കും ഹമദ് രാജാവ് നൽകി വരുന്ന നിരന്തരമായ പിന്തുണക്കും എം.എ. യൂസുഫലി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്‍റെയും ജനങ്ങളുടെയും ഐശ്വര്യത്തിനായി ബഹ്‌റൈൻ ഭരണകൂടം നൽകുന്ന ഈ പിന്തുണ വലിയ കരുത്താണെന്നും അദ്ദേഹം പറഞ്ഞു.

ലുലുവിന്‍റെ പങ്കിന് ഹമദ് രാജാവിന്‍റെ പ്രശംസ; എം.എ. യൂസുഫലിയെ സ്വീകരിച്ച് ഹമദ് രാജാവ്
M
MadhyamamSource Link
about 1 month ago