ലോക സന്തോഷ സൂചികയിൽ വൻ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ; അമേരിക്കയെയും ബ്രിട്ടനെയും പിന്നിലാക്കി ആഗോള റാങ്കിങ്ങിൽ 22ാം സ്ഥാനത്ത്

ലോക സന്തോഷ സൂചികയിൽ വൻ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ; അമേരിക്കയെയും ബ്രിട്ടനെയും പിന്നിലാക്കി ആഗോള റാങ്കിങ്ങിൽ 22ാം സ്ഥാനത്ത്

M
MadhyamamSource Link
ദമ്മാം: വിഷൻ 2030 പരിഷ്കാരങ്ങൾ സൗദി അറേബ്യയുടെ ജനജീവിതത്തെ അടിമുടി പുനർനിർമിക്കുമ്പോൾ, ആഗോള സന്തോഷ സൂചികയിൽ രാജ്യം ചരിത്രപരമായ നേട്ടം കൈവരിച്ചു. ജീവിത നിലവാരത്തിലെ വലിയ പുരോഗതി പ്രതിഫലിപ്പിക്കുന്ന 2026ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സൗദി അറേബ്യ ലോകതലത്തിൽ 22ാം സ്ഥാനത്തെത്തി. യു.എൻ സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് 147 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് സൗദിയുടെ ഈ മുന്നേറ്റം. പ്രമുഖ വികസിത രാജ്യങ്ങളായ അമേരിക്ക (23ാം സ്ഥാനം), കാനഡ (25ാം സ്ഥാനം), യുകെ (29ാം സ്ഥാനം) എന്നിവയേക്കാൾ മുന്നിലെത്താൻ ഇത്തവണ സൗദിക്ക് സാധിച്ചു. പ്രതിശീർഷ ജി.ഡി.പി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, ജീവിത തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, ഔധാര്യം, അഴിമതിയെക്കുറിച്ചുള്ള ധാരണകൾ തുടങ്ങിയ സാമ്പത്തിക-സാമൂഹിക സൂചകങ്ങൾ വിശകലനം ചെയ്താണ് റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. വിഷൻ 2030ന്റെ ഭാഗമായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നടപ്പാക്കിയ തൊഴിലവസര വർധന, അടിസ്ഥാന സൗകര്യ വികസനം, വിനോദം, സംസ്കാരം, പൊതു ഇടങ്ങൾ എന്നിവയിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം എന്നിവ രാജ്യത്തെ മാറ്റത്തിന് വഴിതെളിച്ചു. നഗരജീവിതം മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ട സാംസ്കാരിക-വിനോദ പരിപാടികൾ ജനങ്ങളെ ഒന്നിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. കൂടുതൽ പാർക്കുകൾ, വൈവിധ്യമാർന്ന പരിപാടികൾ, കുടുംബങ്ങൾക്കിടയിലെ സജീവത, ജോലികളിലെ ഉന്മേഷം എന്നിവ വർധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവിത സംതൃപ്തി രൂപപ്പെടുത്തുന്നതിൽ സാമൂഹിക വിശ്വാസത്തിനും വ്യക്തിബന്ധങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അടിവരയിടുന്നു. ഭക്ഷണം പങ്കിടൽ, സൗഹൃദങ്ങൾ നിലനിർത്തൽ, സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ ജീവിത നിലവാരത്തി​ന്റെ ഭാഗമായി മാറി. സമീപ വർഷങ്ങളിൽ സൗദിയിലെ സാമൂഹിക അന്തരീക്ഷത്തിൽ വലിയ മാറ്റമുണ്ടായതായി റിയാദിലെ ഇംഗ്ലീഷ് അധ്യാപികയായ സാറ അൽ തമീമി അഭിപ്രായപ്പെട്ടു. കുടുംബങ്ങൾക്കും യുവാക്കൾക്കും സമയം ആസ്വദിക്കാൻ ധാരാളം അവസരങ്ങൾ ഇപ്പോൾ ലഭ്യമാണെന്നും സംഗീതകച്ചേരികളും ഉത്സവങ്ങളും പുതിയ സ്ഥലങ്ങളും പോസിറ്റീവ് അന്തരീക്ഷവും പ്രതീക്ഷയും നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. പതിവുപോലെ നോർഡിക് രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്; ഫിൻലാൻഡ് വീണ്ടും ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ സാമൂഹിക വിശ്വാസവും മികച്ച പൊതു സംവിധാനങ്ങളുമാണ് ഈ രാജ്യങ്ങളെ മുന്നിലെത്തിക്കുന്നത്. മിഡിലീസ്റ്റിൽ പൊതുവെ ഗൾഫ് രാജ്യങ്ങൾ മികച്ച നിലവാരം പുലർത്തുന്നുണ്ടെങ്കിലും, ഈ വർഷത്തെ റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം സൗദി അറേബ്യയുടേതാണ്. ആളുകൾ ഭാവിയെക്കുറിച്ച് വലിയ ശുഭാപ്തിവിശ്വാസം പുലർത്തുന്നതായും നഗരങ്ങളുടെ മാറ്റവും പുതിയ അവസരങ്ങളും ജീവിത സംതൃപ്തി വർദ്ധിപ്പിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. വിഷൻ 2030ലൂടെ സാമ്പത്തിക അവസരങ്ങളും പൊതു ഇടങ്ങളും വികസിക്കുമ്പോൾ ജീവിത നിലവാരം രാജ്യത്തെ പുരോഗതിയുടെ പ്രധാന അളവുകോലായി മാറുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോക സന്തോഷ സൂചികയിൽ വൻ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ; അമേ… | Boolokam