ലോകകപ്പിൽനിന്ന് പിന്മാറില്ലെന്ന് ഇറാൻ, പക്ഷേ,അമേരിക്കയിൽ കളിക്കില്ല; മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി ഫിഫ

ലോകകപ്പിൽനിന്ന് പിന്മാറില്ലെന്ന് ഇറാൻ, പക്ഷേ,അമേരിക്കയിൽ കളിക്കില്ല; മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി ഫിഫ

M
MadhyamamSource Link
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽനിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതിനൊപ്പം അമേരിക്കയിലെ മത്സരങ്ങളിൽ കളിക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഇറാനിയൻ ഫുട്ബാൾ ടീം. പകരം അമേരിക്കയിലെ മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നാണ് ഇറാന്റെ ആവശ്യമെന്ന് ഫുട്ബോൾ ടീം ചീഫ് മെഹ്ദി താജ് പറഞ്ഞു. മത്സരക്രമത്തിൽ ഒരു തരത്തിലും മാറ്റം വരുത്താനാകില്ലെന്നും മുൻ നിശ്ചയിച്ച പ്രകാരം മത്സരങ്ങൾ നടക്കുമെന്നും ഫിഫ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ടൂർണമെന്റിലേക്ക് യോഗ്യത നേടിയ ആദ്യ ടീമുകളിൽ ഒന്നാണ് ഇറാൻ. എന്നാൽ, ടീമിന്റെ ആവശ്യം ഫിഫ അസ്ഥാനത്താക്കിയതോടെ ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ വീണ്ടും അഭ്യൂഹത തുടരുകയാണ്. "നിലവിൽ ദേശീയ ടീം തുർക്കിയിൽ പരിശീലനം നടത്തിവരികയാണ്. അവിടെ ഞങ്ങൾ രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കും. ഞങ്ങൾ അമേരിക്കയെയാണ് ബഹിഷ്കരിക്കുന്നത്. ഫിഫ ലോകകപ്പിനെ ഒരിക്കലും ബഹിഷ്കരിക്കില്ല." മെഹ്ദി താജ് പറഞ്ഞു. നിലവിലെ ഷെഡ്യൂൾ പ്രകാരം ഇറാന്റെ ഗ്രൂപ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് നടക്കേണ്ടത്. എന്നാൽ, ഈ മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റുന്നതിനായി ഫിഫയുമായി ഇറാൻ ഫുട്ബാൾ ഫെഡറേഷൻ ചർച്ച നടത്തിവരികയായിരുന്നു. തുടർന്നാണ് ഫിഫ ഇറാന്റെ ആവശ്യം തള്ളിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനയെത്തുടർന്നാണ് ഇറാൻ ഈ ആവശ്യം ഉന്നയിച്ചത്. ഇറാനിയൻ താരങ്ങളെ അമേരിക്കയിൽ മത്സരിക്കാൻ അനുവദിക്കുമെന്നും എന്നാൽ, അത് അവരുടെ ജീവിതത്തിനും സുരക്ഷയ്ക്കും ഉചിതമാണോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. താരങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നാണ് താൻ പറഞ്ഞതെന്ന് ട്രംപ് പിന്നീട് വ്യക്തമാക്കിയെങ്കിലും മത്സരവേദി മാറ്റാനുള്ള തീരുമാനത്തിൽ ഇറാൻ ഉറച്ചുനിൽക്കുകയാണെന്നും താജ് അറിയിച്ചു. അതേസമയം, ഇറാന്റെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷീൻബൗം അറിയിച്ചിട്ടുണ്ട്. എന്നാൽ, മത്സരക്രമത്തിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്നാണ് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഫിഫ. 2025 ഡിസംബർ ആറിന് പ്രഖ്യാപിച്ച മത്സരക്രമം അനുസരിച്ച് എല്ലാ ടീമുകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫിഫ അധികാരികൾ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോകകപ്പിൽനിന്ന് പിന്മാറില്ലെന്ന് ഇറാൻ, പക്ഷേ,അമേരിക്കയിൽ കള… | Boolokam