മനാമ: ലോകത്തെ ഏറ്റവും മികച്ച എമിഗ്രേഷൻ സേവനം നൽകുന്ന വിമാനത്താവളത്തിനുള്ള ‘സ്കൈട്രാക്സ്’ പുരസ്കാരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ബഹ്റൈൻ വിമാനത്താവളം. ഒന്നാം സ്ഥാനം സിംഗപ്പൂർ ചാങ്ഗായി വിമാനത്താവളത്തിനാണ്. ലണ്ടൻ ആസ്ഥാനമായുള്ള ഏവിയേഷൻ കൺസൾട്ടൻസിയായ സ്കൈട്രാക്സ് നടത്തിയ സർവേയിലാണ് റാങ്കുകൾ നിശ്ചയിച്ചത്. ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാമതും, സിയോൾ ഇഞ്ചിയോൺ വിമാനത്താവളം, ഷാങ്ഹായ് ഹോങ്കിയാവോ വിമാനത്താവളം എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളും നേടി. എമിഗ്രേഷൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം, ക്യൂ സംവിധാനം, പ്രയോറിറ്റി ലെയ്‌നുകൾ, ഇ-ഗേറ്റ് സംവിധാനങ്ങളുടെ കാര്യക്ഷമത, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി യാത്രക്കാർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിച്ചത്. പ്രതിവർഷം 50 ലക്ഷം മുതൽ 1 കോടി വരെ യാത്രക്കാർ യാത്ര ചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നാണ് ബഹ്റൈൻ വിമാനത്താവളം. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സ്റ്റാഫ് സേവനം നൽകുന്ന വിമാനത്താവളം, ഏറ്റവും വൃത്തിയുള്ള വിമാനത്താവളം എന്നി പ്രത്യേകതയും ബഹ്റൈനുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ 20-ാം സ്ഥാനത്തും ബഹ്റൈനാണ്. യാത്രക്കാരുടെ സൗകര്യാർത്ഥം 44 എമിഗ്രേഷൻ കൗണ്ടറുകളും 104 ചെക്ക് ഇൻ കൗണ്ടറുകളും ഇവിടെ പ്രവർത്തിക്കുന്നു.

ലോകത്തെ മികച്ച എമിഗ്രേഷൻ സേവനം ബഹ്‌റൈൻ വിമാനത്താവളം രണ്ടാം സ്ഥാനത്ത്
M
MadhyamamSource Link
about 1 month ago