ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വൃത്തിയും വായു ഗുണനിലവാരവുമുള്ള രാജ്യമായി ആസ്ട്രേലിയ. കാട്ടുതീയും പൊടിക്കാറ്റും ഹ്രസ്വകാല മലിനീകരണത്തിന് കാരണമാകുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വൃത്തിയുള്ള രാജ്യമാണ് ആസ്ട്രേലിയയെന്നാണ് സ്വിസ് സംഘടനയായ ഐക്യു എയർ പുറത്തുവിട്ട 2025ലെ പട്ടികയിൽ പറയുന്നത്. പി.എം 2.5 മലിനീകരണത്തിന് കർശനമായ മാനദണ്ഡങ്ങളാണ് ആസ്ട്രേലിയ പാലിക്കുന്നത്. കൂടാതെ ആസ്ട്രേലിയൻ സർക്കാറും മറ്റു പരിസ്ഥിതി സംരക്ഷണ ഏജൻസികളും ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഐസ്‍ലാൻഡ്, ഈസ്റ്റോണിയ, പനാമ എന്നിവയാണ് ഏറ്റവും ഉയർന്ന വായു ഗുണനിലവാരമുള്ള മറ്റു രാജ്യങ്ങൾ. മലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനാണ് ഒന്നാമത്. രാജ്യത്തെ മലിനീകരണ തോത് ലോക ആരോഗ്യ സംഘടന നിശ്ചയിച്ച സുരക്ഷിത പരിധിയേക്കാൾ കൂടുതലാണെന്ന് ഐക്യു എയർ പറയുന്നു. സുരക്ഷിത പരിധിയേക്കാൾ 13 മടങ്ങ് കൂടുതലാണ് പാകിസ്താനിലെ മലിനീകരണ തോത്. മലിനീകരണതോത് നിരീക്ഷിച്ച 143 രാജ്യങ്ങളിൽ 130 രാജ്യങ്ങളും ലോകാരോഗ്യ സംഘടനയുടെ വായുമലിനീകരണ മാർഗനിർദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2025ൽ 75 രാജ്യങ്ങിൽ മുൻവർഷത്തെ അപേക്ഷിച്ച് പി.എം2.5 ലെവൽ കുറവാണെന്നും 54 രാജ്യങ്ങളിൽ മലിനീകരണ തോത് കൂടിയെന്നും ഐക്യു എയർ പറയുന്നു. പാകിസ്താന് പുറമെ ബംഗ്ലാദേശ്, താജികിസ്താൻ, ചാഡ്, കോംഗോ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചത്. ആറാംസ്ഥാനത്താണ് ഇന്ത്യ. ലോകത്ത് ഏറ്റവും മലിനമായ 25 നഗരത്തിൽ ഭൂരിഭാഗവും പാകിസ്താൻ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലാണ്. ഇന്ത്യയിലെ മൂന്ന് നഗരങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. ഉത്തർപ്രദേശിലെ ലോണി, മേഘാലയയിലെ ബൈർണിഹത്ത്, ഡൽഹി എന്നിവയാണ് ഏറ്റവും മലിനമായ ഇന്ത്യൻ നഗരങ്ങൾ.

ലോകത്ത് ഏറ്റവും വൃത്തിയുള്ള രാജ്യമായി ആസ്ട്രേലിയ
M
MadhyamamSource Link
about 2 months ago