ലോകശ്രദ്ധ ഇറാനിൽ; യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ മഴ, ആശങ്ക രേഖപ്പെടുത്തി സെലൻസ്കി

ലോകശ്രദ്ധ ഇറാനിൽ; യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ മഴ, ആശങ്ക രേഖപ്പെടുത്തി സെലൻസ്കി

M
MadhyamamSource Link
കീവ്: യുക്രെയ്‌നുമേൽ വലിയ വ്യോമാക്രമണവുമായി റഷ്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 948 ഡ്രോണുകളാണ് റഷ്യ യുക്രെയ്‌നിലേക്ക് അയച്ചത്. റഷ്യയുടെ പുതിയ സൈനിക നീക്കം ആരംഭിച്ചതിന്റെയും യുദ്ധതന്ത്രത്തിന്റെയും സൂചനയാണിതെന്ന് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തുന്നു. പകൽസമയത്ത് നടന്ന ആക്രമണത്തിൽ പടിഞ്ഞാറൻ യുക്രെയ്‌നിലെ ഇവാനോ-ഫ്രാങ്കിവ്‌സ്‌കിലും വിന്നിത്സിയയിലും മൂന്ന് പേർ കൊല്ലപ്പെട്ടു. ചരിത്ര നഗരമായ ലിവീവിൽ യുനെസ്കോ പൈതൃക പട്ടികയിലുള്ള 17-ാം നൂറ്റാണ്ടിലെ സെന്റ് ആൻഡ്രൂസ് ചർച്ചിന് സമീപമുള്ള കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ജനത്തിരക്കുള്ള നഗരമധ്യത്തിലാണ് റഷ്യ പകൽവെളിച്ചത്തിൽ ഡ്രോണുകൾ വർഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ മൊത്തം എട്ടുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അമേരിക്കയും ഇസ്രായേലും ഇറാനുമായുള്ള യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ തങ്ങൾക്ക് ലഭിക്കേണ്ട ആയുധ സഹായം കുറയുന്നതിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കി ആശങ്ക രേഖപ്പെടുത്തി. വ്യോമപ്രതിരോധ മിസൈലുകളുടെ കുറവ് രാജ്യം നേരിടുകയാണെന്നും സഖ്യകക്ഷികൾ ആയുധങ്ങൾ കൃത്യസമയത്ത് എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുമായി സുരക്ഷാ കരാറുകൾക്കായി ചർച്ച തുടരുകയാണെങ്കിലും ഇറാൻ യുദ്ധം കാരണം ഭൗമരാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമായതായും അദ്ദേഹം കൂട്ടിചേർത്തു. കിഴക്കൻ യുക്രെയ്‌നിലെ അതിർത്തി മേഖലകളിലേക്ക് റഷ്യ വൻതോതിൽ സൈന്യത്തെയും യുദ്ധോപകരണങ്ങളെയും എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ 619 ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. നിലവിൽ യുക്രെയ്‌നിന്റെ 20 ശതമാനത്തോളം ഭാഗം റഷ്യൻ അധിനിവേശത്തിലാണ്. മഞ്ഞ് ഉരുകുന്ന വസന്തകാലത്ത് റഷ്യ എല്ലാ വർഷവും ആക്രമണം കടുപ്പിക്കാറുണ്ട്. ഇത്തവണയും യുക്രെയ്ൻ പ്രതിരോധ നിര തകർക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു നീക്കമാണ് റഷ്യ നടത്തുന്നതെന്ന് സൈനിക മേധാവി ജനറൽ ഒലക്സാണ്ടർ സിർസ്കി പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോകശ്രദ്ധ ഇറാനിൽ; യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ മഴ, ആശങ്ക രേഖപ… | Boolokam