ലോൺ ആപ്പിൽനിന്നും വായ്പ: വടകര സ്വദേശിയെ കാണാനില്ലെന്ന് പരാതി

ലോൺ ആപ്പിൽനിന്നും വായ്പ: വടകര സ്വദേശിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ യുവാവിനെ കാണാതായതായി പരാതി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെയാണ് (25) ഈ മാസം 13 മുതൽ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. വിഷ്ണു ലോണ്‍ ആപ്പില്‍നിന്നും 10,000 രൂപ വായ്പയെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി ഫോൺ കോളുകള്‍ വന്നിരുന്നുവെന്നും കുടുംബം ആരോപിച്ചു. വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം ബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങിയ യുവാവ് ഇതുവരെ തിരിച്ചെത്തിയില്ല. വിഷ്ണുവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത രീതിയിൽ പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ കുടുംബം വടകര പൊലീസിൽ പരാതി നൽകി. വിഷണുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവരെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് നോയിഡയിൽനിന്ന് സൈബർ പൊലീസ് പിടികൂടിയത്. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെ സാഹസികമായാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. വിദ്യാർഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുത്തിരുന്നു. തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്ക് നിരന്തരം ഫോൺ കോളുകളും സന്ദേശങ്ങളും വന്നിരുന്നു. പണമടച്ചില്ലെങ്കിൽ ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു മണിക്കൂറിൽ തന്നെ നിരവധി തവണ അധ്യാപികയെ ഫോൺ വിളിക്കുകയും ചെയ്തിരുന്നു. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്ന് ശല്യം തുടർന്നു. പ്രതികളുടെ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫായെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ നോയിഡയിലുണ്ടെന്ന് മനസ്സിലായത്. തുടർന്ന് പൊലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു. വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നത് പ്രയാസകരമായെങ്കിലും അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചു. ഒരു ഐ.ടി പാർക്കിന് തുല്യമായ സ്ഥാപനത്തിൽ 40ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനും വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ് സിം ബോക്സുകൾ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പൊലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജിന്‍റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ എസ്.വി. മിഥുന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ കെ. സുനിൽ, പി.കെ. ദിജിൻ രാജ് എന്നിവരാണ് നോയിഡയിൽ വെച്ച് പ്രതികളെ പിടികൂടിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോൺ ആപ്പിൽനിന്നും വായ്പ: വടകര സ്വദേശിയെ കാണാനില്ലെന്ന് പരാത… | Boolokam