കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ കെ.കെ. രമ ആർ.എം.പി സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വിജയിച്ചത്. ഇത്തവണയും വൻ ഭൂരിപക്ഷത്തിൽ രമ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്ഥാനാർഥിത്വം പ്രഖ്യാപിക്കവെ ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മണ്ഡലത്തിലും ആർ.എം.പി യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണക്കും. ബി.ജെ.പിയുടെയും അവരുടെ കേരളത്തിലെ ബി ടീമായ സി.പി.എമ്മിന്റെയും പരാജയം ഉറപ്പാക്കുകയാണ് ലക്ഷ്യം. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിദിനം കൂടിയായ മേയ് നാലിന് ജനവിധിയിലൂടെ സി.പി.എമ്മിന്റെയും പിണറായി വിജയൻ സർക്കാറിന്റെയും അന്ത്യകൂദാശയുണ്ടാകുമെന്നും വേണു പറഞ്ഞു. ആലപ്പുഴയിൽ ജി. സുധാകരണും കണ്ണൂരിൽ ടി.കെ. ഗോവിന്ദനും പാർട്ടിയെ തള്ളിപ്പറയുന്ന സ്ഥിതി വിശേഷം പെട്ടെന്ന് ഉണ്ടായതല്ല. വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനുമൊന്നും വിമതരല്ല. യഥാർഥ കമ്യൂണിസ്റ്റുകളാണ്. അത്തരക്കാരെ ചേർത്തുപിടിക്കാനായി ആർ.എം.എപി പൊതുപ്ലാറ്റ്ഫോം ആലോചിക്കുന്നുണ്ടെന്നും എൻ. വേണു കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പി. കുമാരൻകുട്ടി, ജില്ല സെക്രട്ടറി ചന്ദ്രൻ കുളങ്ങര എന്നിവരും പങ്കെടുത്തു.

വടകരയിൽ കെ.കെ. രമ തന്നെ; എല്ലാ മണ്ഡലത്തിലും ആർ.എം.പി യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണക്കും
M
MadhyamamSource Link
about 2 months ago