വനിതാ സംവരണം: അസം നിയമസഭയിൽ 63 സീറ്റുകൾ വർധിച്ചേക്കാമെന്ന് ഹിമാന്ത ബിശ്വ ശർമ്മ

വനിതാ സംവരണം: അസം നിയമസഭയിൽ 63 സീറ്റുകൾ വർധിച്ചേക്കാമെന്ന് ഹിമാന്ത ബിശ്വ ശർമ്മ

M
MadhyamamSource Link
ദിസ്പുർ: സംസ്ഥാനത്ത് വനിതാ സംവരണം നടപ്പിലാക്കുന്നതോടെ അസം നിയമസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 126 ൽ നിന്ന് 189 ആയി ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. ഇതോടെ 63 സീറ്റുകളുടെ വർധനവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച ശിവസാഗർ ജില്ലയിലെ നസീറയിൽ ബി.ജെ.പി സ്ഥാനാർഥി മയൂർ ബോർഗോഹെയ്‌ന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കോൺഗ്രസ് എം.എൽ.എയും പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയക്കെതിരെയാണ് ബോർഗോഹെയ് മത്സരിക്കുന്നത്. സീറ്റുകൾ വർധിപ്പിക്കുമ്പോൾ അംഗുരി നിയമസഭാ മണ്ഡലം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. 'വനിതാ സംവരണം വരുന്നതോടെ 63 സീറ്റുകൾ കൂടി അധികമായി ലഭിക്കാൻ സാധ്യതയുണ്ട്. അന്ന് ഞങ്ങൾ അംഗുരി മണ്ഡലം വീണ്ടും കൊണ്ടുവരും. മണ്ഡല പുനർനിർണ്ണയ സമയത്ത് അംഗുരിയുടെ ഒരു ഭാഗം ശിവസാഗറിലേക്കും മറ്റൊരു ഭാഗം നസീറയിലേക്കും വ്യാപിപ്പിച്ചിരുന്നു' അദ്ദേഹം വ്യക്തമാക്കി. മണ്ഡലം പുനഃസ്ഥാപിക്കുന്നത് വരെ അംഗുരിയിൽ നിന്ന് സർക്കാർ ഓഫീസുകൾ മാറ്റില്ലെന്നും പുതിയ ഓഫീസുകൾ അവിടെ സ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നസീറയിലെ തെരെഞ്ഞെടുപ്പ് പോരാട്ടത്തെക്കുറിച്ച് സംസാരിക്കവെ, ബി.ജെ.പിയുടെ ഭരണനേട്ടങ്ങൾ തുടരാൻ ബോർഗോഹെയ്‌നെ പിന്തുണയ്ക്കണമെന്ന് ശർമ്മ വോട്ടർമാരോട് അഭ്യർഥിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി ഭരിക്കുന്ന 'ഡബിൾ എഞ്ചിൻ സർക്കാർ' വികസനം വേഗത്തിലാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു . 'റോഡുകൾ, ക്ഷേമപദ്ധതികൾ തുടങ്ങി അസമിലുടനീളം വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഡബിൾ എഞ്ചിൻ സർക്കാരിന് സാധിച്ചു. മയൂർ ബോർഗോഹെയ്‌ന് വോട്ട് ചെയ്യുന്നത് നസീറയിലെ പുരോഗതി തുടരുന്നതിന് തുല്യമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു. നസീറയിലെ മത്സരം ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള നിർണ്ണായകമായ പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തിയതിലൂടെ മണ്ഡലത്തിന് ബി.ജെ.പി നൽകുന്ന പ്രാധാന്യവും വ്യക്തമാകുന്നു. അതേ സമയം പരമ്പരാഗതമായി കോൺഗ്രസ് കോട്ടയായ നസീറയിൽ ഇത്തവണ ദേബബ്രത സൈകിയയും ബി.ജെ.പിയുടെ മയൂർ ബോർഗോഹെയ്‌നും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സൈകിയക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ജനങ്ങൾ വികസനത്തിന് പ്രാധാന്യം നൽകി മാത്രമേ വോട്ട് ചെയ്യുകയ്യുള്ളുവെന്നും രാഷ്ട്രീയ നിരീക്ഷകൻ രൂപക് ഭട്ടാചാർജി അഭിപ്രായപ്പെട്ടു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വനിതാ സംവരണം: അസം നിയമസഭയിൽ 63 സീറ്റുകൾ വർധിച്ചേക്കാമെന്ന്… | Boolokam