വായ്പ ഗഡുക്കൾ നീട്ടിവെക്കുമ്പോൾ അധിക 
പലിശ ഈടാക്കരുത്;  പ്രമേയം പാസാക്കി പാർലമെന്‍റ്

വായ്പ ഗഡുക്കൾ നീട്ടിവെക്കുമ്പോൾ അധിക പലിശ ഈടാക്കരുത്; പ്രമേയം പാസാക്കി പാർലമെന്‍റ്

മനാമ: ബാങ്ക് വായ്പകളുടെ പ്രതിമാസ ഗഡുക്കൾ നീട്ടിവെക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക പലിശ ഈടാക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകണമെന്ന അടിയന്തര പ്രമേയം ബഹ്‌റൈൻ പാർലമെന്റ് പാസാക്കി. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ മുഖേന ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകാനാണ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വായ്പാ ഗഡുക്കൾ നീട്ടിവെക്കുന്നത് വഴി ഉപഭോക്താക്കൾക്ക് സാമ്പത്തിക ആശ്വാസം നൽകുകയാണ് ലക്ഷ്യമെങ്കിലും, നിലവിൽ ബാങ്കുകൾ ഈ കാലയളവിൽ അധിക പലിശ ഈടാക്കുന്നത് സാധാരണക്കാരായ പൗരന്മാർക്ക് ദീർഘകാലാടിസ്ഥാനത്തിൽ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ടെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പൗരന്മാരെ സഹായിക്കുക എന്ന പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം പലിശ വർദ്ധനവ് വഴി ഇല്ലാതാകുകയാണെന്ന് എം.പിമാർ പറഞ്ഞു. ഇത് കേവലം ഒരു താൽക്കാലിക ആശ്വാസം എന്നതിലുപരി വലിയ കടക്കെണിയിലേക്ക് ജനങ്ങളെ എത്തിക്കരുതെന്ന് സഭ ആവശ്യപ്പെട്ടു. വിവിധ സർക്കാർ പദ്ധതികളിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പൗരന്മാരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിൽ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്ന് പ്രമേയം ഓർമ്മിപ്പിച്ചു. എം.പിമാരായ ഖാലിദ് സാലിഹ് ബുഅനക്, സൈനബ് അബ്ദുൽ അമീർ, ഹിഷാം അൽ അവാദി, അഹമ്മദ് അൽ സല്ലൂം, മുഹമ്മദ് അൽ മഅറഫി എന്നിവരാണ് ഈ അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിച്ചത്. രാജ്യത്തെ സാമ്പത്തിക സ്ഥിരതയും പൗരന്മാരുടെ ജീവിതനിലവാരവും സംരക്ഷിക്കുന്നതിനായി ബാങ്കിംഗ് മേഖലയിൽ കൂടുതൽ മാനുഷികമായ ഇടപെടൽ വേണമെന്നാണ് പ്രമേയത്തിലൂടെ പാർലമെന്റ് ആവശ്യപ്പെടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!