ആമ്പല്ലൂര്‍: തികഞ്ഞ വിജയപ്രതീക്ഷയിലാണ് പുതുക്കാട് മണ്ഡലത്തിലെ മൂന്നു മുന്നണികളും. ത്രികോണ മത്സരത്തിന്റെ വീറും വാശിയിലുമാണ് പ്രചാരണത്തിന്റെ മുന്നേറ്റം. മണ്ഡലത്തില്‍ വിധി നിര്‍ണയിക്കുന്നത് ഭൂരിപക്ഷം വരുന്ന കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായ വോട്ടര്‍മാരാണ്. ഇടതിനെയും വലതിനെയും മാറി പരീക്ഷിച്ച പുതുക്കാട് ഇക്കുറി ആരെ വരിക്കുമെന്നത് പ്രവചനാതീതം. സീറ്റ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സിറ്റിങ് എം.എല്‍.എ കെ.കെ. രാമചന്ദ്രനെ തന്നെയാണ് ഇടതു മുന്നണി കളത്തിലിറക്കിയത്. കോണ്‍ഗ്രസ് നേതാവും പുതുക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.എം. ബാബുരാജാണ് യു.ഡി.എഫ് സാരഥി. നേരത്തെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ച എ. നാഗേഷാണ് എന്‍.ഡി.എയുടെ പോര്‍മുഖത്ത്. വരന്തരപ്പിള്ളി, തൃക്കൂര്‍, നെന്മണിക്കര, അളഗപ്പനഗര്‍, പുതുക്കാട്, പറപ്പൂക്കര, വല്ലച്ചിറ, മറ്റത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതുക്കാട് മണ്ഡലം. കേരള രാഷ്ട്രീയത്തില്‍ ചരിത്രപ്രാധാന്യമുള്ള കൊടകരക്ക് പുതുക്കാട് എന്ന പേരും ഒരല്‍പം രൂപമാറ്റവും സംഭവിച്ചത് 2011ലെ തെരഞ്ഞെടുപ്പിന് മുമ്പാണ്. ജൈവകൃഷിയുടെ ഈറ്റില്ലമായ മണ്ഡലം പല പ്രമുഖരെയും വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്തു. കൊടകര എന്ന പേരില്‍ അവസാനം 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍നിന്ന് പ്രഫ. സി. രവീന്ദ്രനാഥിലൂടെ എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്ന് 2011ലും 2016ലും രവീന്ദ്രനാഥ് വിജയം ആവര്‍ത്തിച്ചു. 2021ല്‍ മത്സരിച്ച കെ.കെ. രാമചന്ദ്രന്‍ ഇടതുമുന്നണിക്ക് വീണ്ടും വിജയം സമ്മാനിച്ചു. യു.ഡി.എഫിലെ സുനില്‍ അന്തിക്കാടിനെ 27,353 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ഇടതു സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടപ്പാക്കിയ വികസനവും പറഞ്ഞാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. നാല് പതിറ്റാണ്ടിന് ശേഷമാണ് പുതുക്കാടിന്റെ മണ്ണില്‍നിന്ന് കോണ്‍ഗ്രസിന് പുതുക്കാട് സ്ഥാനാര്‍ഥിയുണ്ടാവുന്നത്. പുതുക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.എം. ബാബുരാജ് കെ.എസ്.യു പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കൊടകര മണ്ഡലമായിരുന്ന സമയത്ത് സി.ജെ. ജനാര്‍ദനനായിരുന്നു പുതുക്കാട് നിന്നുള്ള സ്ഥാനാര്‍ഥി. പിന്നീട് ആറ് തവണ കെ.പി. വിശ്വനാഥന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ രണ്ടു തവണ മണ്ഡലത്തിന് പുറത്തുനിന്നുള്ള സുന്ദരന്‍ കുന്നത്തുള്ളിയും സുനില്‍ അന്തിക്കാടുമായിരുന്നു കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ മണ്ഡലത്തിന് ആവശ്യമില്ലെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനിന്നിരുന്നു. കോണ്‍ഗ്രസിന് ഏറെ വേരോട്ടമുള്ള മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളും മലയോര മേഖലയിലെ വന്യമൃഗശല്യവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാബുരാജ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ ഏറെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി എ. നാഗേഷ്. സംസ്ഥാന തലത്തിലും മണ്ഡലത്തിലും സംഘടനയെ ശക്തിപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും തന്ത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്. 2011ലും 2016ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പുതുക്കാട് എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വികസനവും സംസ്ഥാന സര്‍ക്കാറിന്റെ വികസന മുരടിപ്പുമാണ് നാഗേഷ് പ്രചാരണായുധമാക്കുന്നത്. ഇത്തവണ മൂന്നു മുണണി സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ സുപരിചിതരാണ് എന്ന പ്രത്യേകതയുമുണ്ട്. എല്‍.ഡി.എഫ് വളരെ മുമ്പുതന്നെ പ്രചാരണം തുടങ്ങിയെങ്കിലും യു.ഡി.എഫും എന്‍.ഡി.എയും ഏറെ താമസിയാതെ ഒപ്പമെത്തി. പ്രചാരണം ഹൈവോള്‍ട്ടിലായിരിക്കെ ഇടത്, വലത് മുണികളും എന്‍.ഡി.എയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നാലില്‍ യു.ഡി.എഫിനാണ് ഭരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം യു.ഡി.എഫ് പാളയത്തില്‍ അത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനവും 2021ലെ ഭൂരിപക്ഷവും വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പുതുക്കാട് മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ച ഭൂരിപക്ഷത്തിലാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. മാത്രമല്ല, മിക്ക പഞ്ചായത്തുകളിലും ബി.ജെ.പി രണ്ടാം സ്ഥാനത്താണ് എന്നതും നാഗേഷിന്റെ പ്ലസ് പോയന്റായി കണക്കാക്കുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ.കെ. രാമചന്ദ്രന് 73,365 വോട്ടും യു.ഡി.എഫിലെ സുനില്‍ അന്തിക്കാടിന് 46,012 വോട്ടും ലഭിച്ചു. 34,893 വോട്ട് എ. നാഗേഷ് നേടി. ഇത്തവണ ഏത് സ്ഥാനാര്‍ഥി വിജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
