BoolokamBoolokam
വിജയിക്കായി ബി.ജെ.പി വാതിലുകൾ തുറന്നിട്ടിരിക്കുന്നു -ഖുശ്ബു സുന്ദർ

വിജയിക്കായി ബി.ജെ.പി വാതിലുകൾ തുറന്നിട്ടിരിക്കുന്നു -ഖുശ്ബു സുന്ദർ

M
MadhyamamSource Link
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ, നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയിയെ എൻ.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഖുശ്ബു സുന്ദർ. എ.ഐ.എ.ഡി.എം.കെ നേതൃത്വം നൽകുന്ന സഖ്യം ഭൂരിപക്ഷത്തിനടുത്തെത്തിയാൽ വിജയിക്കായി ബി.ജെ.പിയുടെ വാതിലുകൾ തുറന്നുകിടക്കുമെന്നും അവർ വ്യക്തമാക്കി. വിജയിയെ 'തമ്പി' (അനിയൻ) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഖുശ്ബു തന്റെ നിലപാട് വ്യക്തമാക്കിയത്. 'എന്റെ അനിയൻ എന്ത് തീരുമാനിക്കണമെന്നത് അവന്റെ ഇഷ്ടമാണ്. ഒരു ചേച്ചി എന്ന നിലയിൽ അവനോട് എനിക്ക് വലിയ സ്നേഹവും ബഹുമാനവുമുണ്ട്. തന്റെ പാർട്ടിയെ വിശ്വാസത്തിലെടുത്ത് എൻ.ഡി.എയുടെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് വിജയിയാണ്. അദ്ദേഹം വരികയാണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കും, ഖുശ്ബു പറഞ്ഞു. വിജയിക്കെതിരെ ബി.ജെ.പി ഇതുവരെ മോശമായി സംസാരിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിജയിന്റെ ജനപ്രീതിയെ അംഗീകരിക്കുമ്പോഴും, സിനിമയിലെ സ്വാധീനം വോട്ടായി മാറുന്നതിൽ ഖുശ്ബു നേരിയ സംശയം പ്രകടിപ്പിച്ചു. എം.ജി.ആറിനെപ്പോലെ ചിഹ്നം കാണിച്ച് മാത്രം വോട്ട് നേടാവുന്ന കാലം കഴിഞ്ഞെന്നും വിജയിയെപ്പോലെയുള്ള താരങ്ങളെ കാണാൻ ജനങ്ങൾ തടിച്ചുകൂടുമെങ്കിലും അത് വോട്ടായി മാറുമോ എന്ന് കാത്തിരുന്ന് കാണണമെന്നും അവർ പറഞ്ഞു. ഭരണകക്ഷിയായ ഡി.എം.കെക്കെതിരെയും ഖുശ്ബു കടുത്ത വിമർശനം ഉന്നയിച്ചു. ഡി.എം.കെ ഒരു പുരുഷാധിപത്യ പാർട്ടിയാണെന്നും എന്തുകൊണ്ടാണ് കനിമൊഴിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാത്തതെന്നും അവർ ചോദിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിന്റെ നിലപാട് നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!