ന്യൂഡൽഹി: ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തുന്നതിനും സഹകരണം വ്യാപിപ്പിക്കുന്നതിനുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ത്രിദിന സന്ദർശനത്തിനായി നാളെ വാഷിങ്ടണിലേക്ക്. ഏപ്രിൽ 8 മുതൽ 10 വരെയാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യു.എസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിദേശകാര്യമന്ത്രി നിർണായക ചർച്ചകൾ നടത്തും. വ്യാപാരം, പ്രതിരോധം, ശാസ്ത്ര-സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയാകുമെന്നാണ് സൂചന. ഇന്ത്യ-യു.എസ് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഈ സന്ദർശനം അവസരമൊരുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നടത്തിയ യു.എസ് സന്ദർശനത്തിന്റെ തുടർച്ചയായാണ് മിസ്രി സന്ദർശനത്തിന് പോകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല നയതന്ത്ര വിനിമയങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരിയിൽ നടന്ന സന്ദർശന വേളയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന് വിദേശകാര്യ മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ ഉടൻ പൂർത്തിയാകും. നിർണായക ധാതുക്കൾ, ഊർജം, ആണവ സഹകരണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ത്രിദിന സന്ദർശനത്തിന് അമേരിക്കയിലേക്ക്; ഉഭയകക്ഷി ബന്ധം വിലയിരുത്തും
M
MadhyamamSource Link
about 1 month ago