ആലത്തൂർ: വിൽപനക്ക് സൂക്ഷിച്ച വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. മേലാർകോട് കാത്താംപൊറ്റ ചെറുവഞ്ചിപറമ്പിൽ അനീഷ് (32) ആണ് 57 കുപ്പികളിലായി സൂക്ഷിച്ച 18.4 ലിറ്റർ വിദേശമദ്യവുമായി ആലത്തൂർ എക്സൈസിന്റെ പിടിയിലായത്. നിയമസഭ തെരഞ്ഞെ ടുപ്പ് സമയമായതിനാൽ എക്സൈസ് വിഭാഗം പരിശോധന കർശനമാക്കിയിരിക്കുകയാണ്. ആലത്തൂർ എക്സൈസ് സർക്കിൾ ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എം. മുഹമ്മദ് ഷെറീഫിന്റെ നേതൃത്വത്തിൽ പത്യേക എൻഫോഴ്സ്മെന്റ് നടത്തിയ പപരിശോധനയിലാണ് മദ്യവും പ്രതിയെയും പിടികൂടിയത് . ആവശ്യക്കാർക്ക് വ്യത്യസ്ത ബ്രാൻഡുകളിലുള്ള വിദേശമദ്യം ആവശ്യാനുസരണം എത്തിച്ചുനൽകുകയാണ് ഇയാളുടെ രീതി. ആലത്തൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്തു. പ്രദേശത്ത് അനധികൃതമായി പലരും മദ്യം കച്ചവടം നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിശോധന ഊർജ്ജിതമാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പരിശോധന സംഘത്തിൽ എ.ഇ.ഐ ടി.ആർ. വിശ്വകുമാർ, പ്രിവന്റീവ് ഓഫിസർമാരായ കെ. ഉണ്ണികൃഷ്ണൻ, ആർ. പദ്മദാസ്, സി.ഇ.ഒമാരായ ടി.വി. അഖിൽ, കെ. ഷിനോജ്, ടി.ബി. ഉഷ എന്നിവരാണുണ്ടായിരുന്നത്.
