ബംഗളൂരു: വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന മൊബൈൽ ഫോൺ അമിത ഉപയോഗം തടയാൻ നടപടികളുമായി കർണാടക സർക്കാർ. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തയാറാക്കിയ പുതിയ നയത്തിന്റെ കരട് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പുറത്തിറക്കി. കുട്ടികളിലെ ഏകാന്തത, ഉറക്കമില്ലായ്മ, സൈബർ ബുള്ളിയിങ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നയം അനുസരിച്ച്, വിനോദങ്ങൾക്കായി കുട്ടികൾ മൊബൈലോ മറ്റു ഡിജിറ്റൽ സ്ക്രീനുകളോ ഉപയോഗിക്കുന്നത് ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താൻ നിർദേശമുണ്ട്. ഓരോ സ്കൂളും സ്വന്തമായി ഡിജിറ്റൽ ഉപയോഗ നയം രൂപവത്കരിക്കണം. കൂടാതെ, സ്കൂളുകളിൽ ഡിജിറ്റൽ വെൽനസ് കമ്മിറ്റികൾ രൂവത്കരിക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളിലെ മൊബൈൽ ആസക്തി തിരിച്ചറിയാനും അത് കുറക്കാനുമുള്ള പ്രത്യേക പരിശീലനവും സർക്കാർ നൽകും. മൊബൈൽ ഫോണുകൾ കാരണം കുടുംബാംഗങ്ങൾ തമ്മിലുള്ള സംസാരം കുറയുകയാണെന്നും ഇത് നമ്മുടെ സാമൂഹിക ഘടനയെത്തുടന്നെ ബാധിക്കുന്നുണ്ടെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു ചൂണ്ടിക്കാട്ടി. നാലിൽ ഒരു കൗമാരക്കാരൻ വീതം ഇന്റർനെറ്റ് അമിതമായി ഉപയോഗിക്കുന്നവരാണെന്നാണ് കണക്കുകൾ പറയുന്നത്. ഇത് കുട്ടികളുടെ പഠനത്തെയും മാനസിക വളർച്ചയെയും ദോഷകരമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി (നിംഹാൻസ്) സഹകരിച്ച് പുതിയ പദ്ധതി തയാറാക്കിയത്. കുട്ടികളെ ഫോണിൽനിന്ന് അകറ്റി കായിക വിനോദങ്ങളിലേക്കും മറ്റു ഹോബികളിലേക്കും തിരിച്ചുവിടാൻ പദ്ധതിയിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. വീട്ടിലും സ്കൂളുകളിലും ഫോൺ രഹിത മേഖലകൾ നിർമിക്കാൻ രക്ഷിതാക്കളെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കും. കുട്ടികളിലെ മൊബൈൽ ആസക്തിയുടെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ അധ്യാപകർക്ക് പ്രത്യേക ക്ലാസുകൾ നൽകും. ആധുനിക കാലത്തെ ഈ ഡിജിറ്റൽ ഭീഷണിയെ നേരിടാൻ രക്ഷിതാക്കളും സർക്കാരും കൈകോർക്കണമെന്നും നയം വ്യക്തമാക്കുന്നു.

വിദ്യാർഥികളുടെ മൊബൈൽ ഭ്രാന്ത് തടയാൻ കർണാടകയിൽ പുതിയ നിയമം; സ്കൂളുകളിൽ നിയന്ത്രണം
M
MadhyamamSource Link
about 1 month ago