വിദ്വേഷ പോസ്റ്റുകൾക്ക് ജമ്മുവിൽ 60 ദിവസത്തെ വിലക്ക്; നിയമം ലംഘിച്ചാൽ ജീവപര്യന്തം വരെ തടവ്

വിദ്വേഷ പോസ്റ്റുകൾക്ക് ജമ്മുവിൽ 60 ദിവസത്തെ വിലക്ക്; നിയമം ലംഘിച്ചാൽ ജീവപര്യന്തം വരെ തടവ്

ജമ്മു: സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ജമ്മുവിൽ 60 ദിവസത്തെ കർശന നിരോധനം ഏർപ്പെടുത്തി. ജില്ലയിലെ ക്രമസമാധാന നില തകരാതിരിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന തെറ്റായ പ്രചാരണങ്ങൾ തടയാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എൻ.എസ്.എസ്), 2023ലെ സെക്ഷൻ 163 പ്രകാരം ജില്ല മജിസ്‌ട്രേറ്റ് രാകേഷ് മിൻഹാസാണ് ഉത്തരവിറക്കിയത്. വാട്സാപ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്‌സ് (ട്വിറ്റർ), യൂട്യൂബ്, ടെലഗ്രാം എന്നീ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്ന തരത്തിലുള്ള ടെക്സ്റ്റ് മെസ്സേജുകൾ, ചിത്രങ്ങൾ, വിഡിയോകൾ, ഓഡിയോ സന്ദേശങ്ങൾ, മീമുകൾ, ഗ്രാഫിക്സുകൾ, റീലുകൾ എന്നിവ പങ്കുവെക്കുന്നത് ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. വിദ്വേഷം പടർത്തുന്ന സന്ദേശങ്ങൾ നിർമിക്കുന്നവർക്ക് മാത്രമല്ല, അവ ഫോർവേഡ് ചെയ്യുന്നവർക്കും നിയമം ബാധകമായിരിക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനക്കൂട്ടത്തെ അക്രമാസക്തമായ രീതിയിൽ സംഘടിപ്പിക്കുന്നതിനും നിയമവിരുദ്ധമായ ഒത്തുചേരലുകൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഐ.ടി ആക്ട് എന്നിവ പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കും. പിഴയും തടവും മുതൽ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തുക. ജമ്മു ജില്ലക്ക് പുറത്തുനിന്ന് പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾ ജില്ലയിലെ പൊതുസമാധാനത്തെ ബാധിക്കുമെന്നുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. നിരോധനം നടപ്പിലാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ നിരീക്ഷണ സംവിധാനം ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക നിരീക്ഷണ സെല്ലുകളും ഉപവിഭാഗം തലത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിദ്വേഷ പോസ്റ്റുകൾക്ക് ജമ്മുവിൽ 60 ദിവസത്തെ വിലക്ക്; നിയമം… | Boolokam