ഹനോയി: വിയറ്റ്നാം സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി സുപ്രധാന യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഹനോയിയിലെ ഇന്ത്യൻ എംബസി. വിസ ചട്ടങ്ങൾ പാലിക്കുന്നതിലും പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളിലും അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു. 2026 ഏപ്രിൽ 6നാണ് എംബസി ഔദ്യോഗികമായി ഈ നിർദേശങ്ങൾ പുറത്തുവിട്ടത്. വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുമതിയുണ്ട്. എന്നാൽ ഈ ആനുകൂല്യം ആ ദ്വീപിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്ന് എംബസി ഓർമിപ്പിച്ചു. ഫു ക്വോക്കിലേക്ക് വിസയില്ലാതെ എത്തുന്നവർക്ക് അവിടുന്ന് വിയറ്റ്നാം മെയിൻ ലാൻഡിലേക്ക് (ഹോ ചി മിൻ സിറ്റി, ഹനോയി തുടങ്ങിയ ഇടങ്ങൾ) പ്രവേശിക്കാൻ അനുമതിയില്ല. മെഡിക്കൽ എമർജൻസിയോ ഫ്ലൈറ്റ് തടസ്സങ്ങളോ ഉണ്ടായാൽ മെയിൻ ലാൻഡിലേക്ക് പോകേണ്ടി വരുമ്പോൾ വിസയില്ലാത്തത് വലിയ നിയമതടസ്സങ്ങൾക്കും ചികിത്സാ വൈകലിനും കാരണമാകുന്നുണ്ട്. ഫു ക്വോക്ക് മാത്രമാണ് സന്ദർശിക്കുന്നതെങ്കിൽ പോലും, സുരക്ഷിതമായ യാത്രക്കായി മുൻകൂട്ടി വിയറ്റ്നാം വിസ കൈവശം വെക്കുന്നതാണ് ഉചിതമെന്ന് എംബസി നിർദേശമുണ്ട്. പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? യാത്രക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും എംബസി വ്യക്തമാക്കി. പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി അതിന്റെ രേഖ കൈപ്പറ്റണം. ഈ രേഖയുമായി ഹനോയിയിലെ ഇന്ത്യൻ എംബസിയെയോ ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റിനെയോ സമീപിക്കണം. അപേക്ഷിച്ച ദിവസം തന്നെ താൽക്കാലിക യാത്രാ രേഖകൾ നൽകാൻ എംബസി ശ്രമിക്കാറുണ്ട്. എംബസി രേഖകൾ നൽകിയാലും വിയറ്റ്നാം അധികൃതർ എക്സിറ്റ് പെർമിറ്റ് നൽകാൻ 3 മുതൽ 5 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും. ചിലപ്പോൾ ഇത് നീളാനും സാധ്യതയുണ്ട്. ഈ പെർമിറ്റ് ലഭിക്കുന്നത് വരെ സഞ്ചാരികൾ വിയറ്റ്നാമിൽ തന്നെ തുടരേണ്ടി വരും. ഇന്ത്യൻ പൗരന്മാർക്ക് വിയറ്റ്നാമിലേക്ക് 90 ദിവസം വരെ കാലാവധിയുള്ള ഇ-വിസ സൗകര്യം ലഭ്യമാണ്. ഒരാവശ്യത്തിന് മാത്രം പോകുന്നവർക്ക് സിഗ്ൾ എൻട്രി വിസയും, യാത്രക്കിടയിൽ അയൽരാജ്യങ്ങൾ (കംബോഡിയ, ലാവോസ്) സന്ദർശിച്ച് തിരികെ വിയറ്റ്നാമിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് മൾട്ടിപ്പിൾ എൻട്രി വിസയും എടുക്കാവുന്നതാണ്. വിയറ്റ്നാം ഗവൺമെന്റിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.

വിയറ്റ്നാം യാത്രക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക; നിർദേശങ്ങളുമായി ഹനോയിയിലെ ഇന്ത്യൻ എംബസി
M
MadhyamamSource Link
about 1 month ago