ചെന്നൈ: തമിഴ്നാട്ടിലെ വിരുതുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനക്കേസി ലെ മുഖ്യപ്രതികൾ നിയമത്തിന് മുന്നിൽ. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഫാക്ടറി ഉടമ ഈശ്വരിയും ഭർത്താവ് മുത്തുമാണിക്യവുമാണ് വിരുതുനഗർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. 25 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ സ്ഫോടനത്തിന് പിന്നാലെ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഇവരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കഴിഞ്ഞദിവസം ഇവരുടെ നാല് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉടമകൾ കോടതിയിൽ ഹാജരായത്. സുരക്ഷ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അപകടത്തിൽ പെട്ടവരിൽ 21 പേർ സ്ത്രീകളാണ്. മൂന്ന് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ 16 പേർ സേർവൈക്കാരൻപട്ടി ഗ്രാമത്തിൽനിന്നുള്ളവരാണ്. നിലവിൽ 21 പേർ പരിക്കുകളോടെ വിരുതുനഗർ ജില്ല ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇതിൽ 14 പേർ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ പൊലീസ്- ഫയർഫോഴ്സ് ജീവനക്കാരാണ്.സംഭവവുമായി ബന്ധപ്പെട്ട് ആറ് വകുപ്പുകൾ പ്രകാരമാണ് വച്ചക്കാരപട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരേ സമയത്ത് കൂടുതൽ അളവിൽ വെടിമരുന്ന് മിശ്രിതം മതിയായ ഉപകരണങ്ങളില്ലാതെ ശ്രദ്ധക്കുറവോടെ തയാറാക്കിയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവര റിപ്പോർട്ടിൽ(എഫ്.ഐ.ആർ) പറയുന്നത്. ഒരേ മുറിയിൽ നിയമവിരുദ്ധമായി കൂടുതൽ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നതായും ഇതിൽ കുറ്റപ്പെടുത്തുന്നു. അതിനിടെ മധുര ഹൈകോടതി ബെഞ്ച് സ്വമേധയ കേസെടുത്തു. സ്ഫോടനത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകാൻ വൈകിയതിനെ കോടതി വിമർശിച്ചു.

വിരുതുനഗർ സ്ഫോടനം: ഒളിവിൽപ്പോയ ഫാക്ടറി ഉടമകൾ കോടതിയിൽ കീഴടങ്ങി
M
MadhyamamSource Link
19 days ago