തൃശൂര്‍: ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവാദ ഫ്ലക്സ് ഉയർത്തി ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ . 1977 മുതൽ ഗുരുവായൂരിൽ വിജയിച്ച എം.എൽ.എമാരുടെ പേര് പ്രദർശിപ്പിച്ച ഫ്ലക്സാണ് ഗോപാലകൃഷ്ണൻ ചാവക്കാട് ഉയർത്തിയത്. ജാതി പറഞ്ഞ് വോട്ട് ചോദിച്ച വിവാദത്തിൽ കുടുങ്ങിയത് പിന്നാലെയാണ് ചാവക്കാട് ബി. ഗോപാലകൃഷ്ണന്റെ വിവാദ ഫ്ലക്സ്. 1977 മുതൽ 2021 വരെയുള്ള ഗുരുവായൂരിലെ എം.എൽ.എമാരുടെ പേരുകൾ നിരത്തിയാണ് ഗോപാലകൃഷ്ണൻ മാറ്റം ആവശ്യപ്പെടുന്നത്. ഫ്ലക്സ് ഉയർന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അതിരൂക്ഷ വിമർശനം ഉയർന്നു. ഗുരുവായൂർ ജനങ്ങൾ ജാതിയല്ല ചോദിക്കുന്നത് ഗ്യാസാണ് ചോദിക്കുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ഗോപാലകൃഷ്ണന് മറുപടി നൽകി. ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥിയും വ്യക്തമാക്കി. കേസ് വന്നാൽ പേടിക്കില്ലെന്നും പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടില്ല എന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ഗോപാലകൃഷ്ണന്റേത് എന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ. അക്ബർ കുറ്റപ്പെടുത്തി. നേരത്തെ ഹിന്ദു എം.എൽ.എ എന്ന വിവാദ പരാമർശം നടത്തിയതിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം ചാവക്കാട് പൊലീസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ 25 കൊല്ലമായി ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ല എന്നതടക്കമുള്ള വിദ്വേഷ പരാമർശങ്ങളാണ് ഗോപാലകൃഷ്ണൻ നടത്തിയത്. ഗുരുവായൂരപ്പനില്‍ വിശ്വസിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് പറയാന്‍ ഭക്തര്‍ തയാറാകണമെന്നാണ് എന്‍.ഡി.എ ആവശ്യപ്പെടുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു. തുടർന്ന് ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തൃശൂർ ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഹൈകോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിരുന്നു. ജാതി-മത വേര്‍തിരിവ് സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന്, ജില്ല കലക്ടര്‍, ഗുരുവായൂര്‍ എ.സി.പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുമുണ്ട്. ഇത്തരം നടപടികൾ ഉണ്ടായിട്ടും തുടർ വിവാദങ്ങളുമായി മുന്നോട്ട് പോവുകയാണ് ബി. ഗോപാലകൃഷ്ണൻ.

വിവാദ പരാമർശത്തിനു പിന്നാലെ ബി. ഗോപാലകൃഷ്ണന്റെ വിവാദ ഫ്ലക്സും, എം.എൽ.എമാരുടെ പേരു ചൂണ്ടിക്കാട്ടി മാറ്റം ആവശ്യപ്പെടുന്ന ഫ്ലക്സിനെതിരെ വിമർശനം ശക്തം
M
MadhyamamSource Link
about 1 month ago