കൊൽക്കത്ത: വിവാഹഭ്യർഥന നിരസിച്ച യുവതിയെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. കൊൽക്കത്തയിലെ മൈദാൻ ഏരിയയിലുള്ള ബാബുഘട്ടിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഷഗുഫ്ത പർവീൺ (30) തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ബേലേഘട്ട സ്വദേശിയായ സിദ്ധാർഥ ചാരിവാളിനെ പോലീസ് അറസ്റ്റ് ചെയ്തു. 90 ശതമാനത്തോളം പൊള്ളലേറ്റ ഷഗുഫ്ത മരിക്കുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയിൽ വെച്ച് നൽകിയ മൊഴിയാണ് പ്രതിയെ കുടുക്കിയത്. ജോലി സംബന്ധമായ അഭിമുഖത്തിനെന്ന വ്യാജേന സിദ്ധാർത്ഥ ചാരിവാൾ ശഗുഫ്തയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് ഇയാൾ വിവാഹാഭ്യർഥന നടത്തിയെങ്കിലും വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ ഷഗുഫ്ത നിരസിക്കുകയായിരുന്നുമെന്ന് പൊലീസ് പറയുന്നു. ഇതിൽ പ്രകോപിതനായ പ്രതി കൈയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ യുവതിയുടെ ദേഹത്തൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ജോലി അഭിമുഖത്തിനായി പോകുന്നു എന്ന് പറഞ്ഞാണ് ഷഗുഫ്ത വീട്ടിൽ നിന്നിറങ്ങിയതെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഫോൺ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഫോൺ എടുക്കുകയും അപകടവിവരം അറിയിക്കുകയും ചെയ്തത്. യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചതന്നെ സെക്ഷൻ 109 പ്രകാരം വധശ്രമത്തിന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യുവതി മരണപ്പെട്ടതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കും. പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

വിവാഹഭ്യർഥന നിരസിച്ചു; കൊൽക്കത്തയിൽ യുവതിയെ ചുട്ടുകൊന്നു
M
MadhyamamSource Link
about 1 month ago