റിയാദ്: ആധുനിക കേരളത്തിെൻറ ശില്പികളിൽ പ്രമുഖരായ ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറയും എ.കെ. ഗോപാലെൻറയും ഓർമകൾ പുതുക്കി കേളി കലാസാംസ്കാരിക വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ലോകത്തിന് മാതൃകയാകുന്ന വികസന മാതൃകകൾ സൃഷ്ടിച്ച് മുന്നേറുന്ന കേരളത്തിന് ഇരുവരും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് യോഗം വിലയിരുത്തി. ഐക്യകേരളം എന്ന ദർശനം പ്രായോഗികമാക്കുന്നതിലും, ആദ്യ മന്ത്രിസഭയെ നയിച്ച് നവകേരള നിർമാണത്തിന് അടിത്തറ പാകുന്നതിലും ഇ.എം.എസ് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം നൽകി. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ പാവങ്ങളുടെ പടത്തലവനായ എ.കെ.ജി വഹിച്ച പങ്ക് പകരം വെക്കാനില്ലാത്തതാണെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ വ്യക്തമാക്കി. കഴിഞ്ഞ പത്തു വർഷത്തെ ഭരണം, ഒരു തുടർഭരണം കേരളത്തെ എങ്ങനെ ഉയർച്ചയിലെത്തിക്കാമെന്നതിന് തെളിവാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ നിരവധി വികസന പദ്ധതികൾ ഈ കാലയളവിൽ യാഥാർഥ്യമായി. നിലവിൽ ആരംഭിച്ചിട്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനായി വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗവും എൻ.ആർ.കെ ഫോറം കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി പ്രസിഡൻറ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, ചില്ല കോഓഡിനേറ്റർ സി.എം. സുരേഷ് ലാൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.

വികസന തുടർച്ചക്ക് ഇടത് സർക്കാർ അനിവാര്യം: കേളി ഇ.എം.എസ്-എ.കെ.ജി അനുസ്മരണം
M
MadhyamamSource Link
about 1 month ago