കോഴിക്കോട്: വിവാഹ ഹാളിൽ ബഹളംവെച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചുകൊഴിച്ച കേസിൽ പ്രതികൾ പിടിയിലായി. കല്ലുത്താൻ കടവ് ഫ്ലാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12ന് രാത്രി 10.30ഓടെ കല്ലുത്താൻ കടവ് ഫ്ലാറ്റിന്റെ പാർക്കിങ്ങ് ഏരിയയിൽ ആയിരുന്നു ആക്രമണം. എസ്.കെ. പൊറ്റക്കാട് ഹാളിൽ നടന്ന വിവാഹത്തിൽ പ്രതികൾ പ്രശ്നം ഉണ്ടാക്കിയതിൽ അതേ ഫ്ലാറ്റിലെ താമസക്കാരനായ ഭാരതി എന്ന യുവാവ് പൊലീസിനെ വിളിച്ചിരുന്നു. ഈ വിരോധത്തിൽ പ്രതികൾ യുവാവിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. മുഖത്തേറ്റ ഇടിയിൽ പരാതിക്കാരന്റെ പല്ല് ഇളകിപ്പോയി. താടി എല്ലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളെ ഗോവിന്ദപുരം കാവിൽ താഴം, കല്ലൂത്താൻ കടവ്, മുണ്ടിക്കൽ താഴം എന്നിവിടങ്ങളിൽ വെച്ചാണ് പിടികൂടിയത്. കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ സുമിത് ചാൾസ്, ഷിബു, സിവിൽ പൊലീസ് ഓഫീസർ ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി.

വിവാഹ ഹാളിലെ ബഹളം ചോദ്യം ചെയ്ത യുവാവിന്റെ പല്ല് അടിച്ചുകൊഴിച്ചു; പ്രതികൾ പിടിയിൽ
M
MadhyamamSource Link
19 days ago