തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വോട്ട് മറിക്കാൻ യു.ഡി.എഫ് ബി.ജെ.പിയുമായി ധാരണയുണ്ടാക്കി എന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ. മുരളീധരൻ. തോൽവി ഭയന്നാണ് പ്രശാന്ത് ഇപ്പോൾ ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. മണ്ഡലത്തിൽ യു.ഡി.എഫിന് അനുകൂലമായ തരംഗമാണുള്ളത്. ഇത് മനസ്സിലാക്കിയ എൽ.ഡി.എഫ് ക്യാമ്പിലുണ്ടായ പരിഭ്രാന്തിയാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിൽ. വോട്ട് മറിക്കാൻ ബി.ജെ.പിയുടെ സഹായം യു.ഡി.എഫിന് ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ സി.പി.എം നടത്തുന്ന പതിവ് പ്രചാരണമാണിതെന്നും കെ. മുരളീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കെ.മുരളീധരന് വേണ്ടി രഹസ്യമായി വോട്ട് സമാഹരിക്കുകയാണെന്നായിരുന്നു പ്രശാന്തിന്‍റെ ആരോപണം. ബി.ജെ.പി സ്ഥാനാർത്ഥി ശ്രീലേഖയോട് പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ള അതൃപ്തി മുതലെടുക്കാനാണ് കെ. മുരളീധരൻ ശ്രമിക്കുന്നതെന്നും ബി.ജെ.പിയുടെ വോട്ട് ഉറപ്പിക്കാനാണ് അദ്ദേഹം എതിർ സ്ഥാനാർത്ഥികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞിരുന്നു. വട്ടിയൂർക്കാവിൽ ത്രികോണ മത്സരമാണെങ്കിലും പ്രധാന പോരാട്ടം സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം.

വി.കെ. പ്രശാന്തിന്റെ ആരോപണം തോൽവി ഭയന്നുള്ള വ്യാജപ്രചാരണം; ഡീൽ ആരോപണം തള്ളി കെ. മുരളീധരൻ
M
MadhyamamSource Link
about 1 month ago