പീരുമേട്: യു.ഡി.എഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്യാനായില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന വാക്കുകൾ ചർച്ചയായി തുടരുന്നതിനിടെ, വാഗമണ്ണിൽ ‘വനവാസ’മെന്ന റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരുന്തുംപാറ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനത്തിനിടെയാണ് അദ്ദേഹം വാഗമണ്ണിലെ റിസോർട്ടിലെത്തിയത്. കഴിഞ്ഞ ദിവസം പരുന്തുംപാറയിൽ താമസിക്കാനെത്തിയപ്പോൾ ‘വനത്തിലാണ്, വനവാസത്തിലല്ല’ എന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പമാണ് സതീശൻ പരുന്തുംപാറയിലെത്തയത്. മുൻ വനംമന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരീപുത്രൻ അശ്വിന്റേതാണ് റിസോർട്ട്. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം ‘വനവാസ’ത്തിലാണ് എത്തിയതെങ്കിലും തെരഞ്ഞെടുപ്പിന് ശേഷമുള്ള വനവാസമല്ലെന്ന് പ്രസംഗത്തിൽ പറയുകയും ചെയ്തു. ഉദ്ഘാനത്തിന് ശേഷം നടത്താൻ ആലോചിച്ചിരുന്ന ട്രക്കിങ്ങ് ഒഴിവാക്കി വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ സതീശൻ മലപ്പുറത്തേക്ക് തിരിച്ചു.
