ചെറുവത്തൂർ: പാതയോരങ്ങളെ ചുവപ്പിച്ച് തൃക്കരിപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.പി.പി. മുസ്തഫയുടെ റോഡ് ഷോ. മുസ്തഫയുടെ ജന്മനാടായ ഇളമ്പച്ചിനിന്ന് തുറന്ന ജീപ്പിൽ സ്ഥാനാർഥിയുടെ പര്യടനത്തിന് നൂറുകണക്കിനാളുകളാണ് റോഡിന് ഇരുവശങ്ങളിലായി സ്ഥാനാർഥിയെ വരവേറ്റത്. രണ്ടുതവണകളിലായി ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തതിന്റെ അനുഭവസമ്പത്തും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി പങ്കെടുത്തതിന്റെ കരുത്തും ഒാരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രകടമായി. സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച പ്ലക്കാർഡും ഹാരാർപ്പണവും പടക്കം പൊട്ടിച്ചും സ്വീകരണ കേന്ദ്രങ്ങൾ വ്യത്യസ്തമാക്കി. തൃക്കരിപ്പൂർ ടൗൺ, നടക്കാവ്, ഉദിനൂർ, ഇടച്ചാക്കൈ, മൂസഹാജി മുക്ക്, ഓരിമുക്ക്, ചെറുവത്തൂർ, പള്ളിക്കര, നീലേശ്വരം മാർക്കറ്റ് റോഡ്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കോൺവെന്റ് ജങ്ഷനിൽ സമാപിച്ചു. ഇളമ്പച്ചിയിൽ പി.വി. തമ്പാൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. ജനാർദനൻ, ജില്ല സെക്രേട്ടറിയറ്റംഗം സാബു അബ്രഹാം, വി.വി. കൃഷ്ണൻ, വി.കെ. ഹനീഫ ഹാജി, സി. ബാലൻ, മാധവൻ മണിയറ, രജീഷ് വെള്ളാട്ട്, പി. കുഞ്ഞിക്കണ്ണൻ, ടി.വി. വിജയൻ എന്നിവർ സംസാരിച്ചു. എം.വി. യൂസഫലി സ്വാഗതം പറഞ്ഞു.

വി.പി.പി. മുസ്തഫയുടെ പ്രചാരണം റോഡ് ഷോയോടെ തുടങ്ങി
M
MadhyamamSource Link
about 2 months ago