കോഴിക്കോട്: കോൺഗ്രസുമായുള്ള ചർച്ചകളിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെ തിരുവമ്പാടി സീറ്റ് വെച്ചുമാറില്ലെന്ന് മുസ്‌ലിംലീഗ്. തിരുവമ്പാടിയിൽ ലീഗ് തന്നെ മത്സരിക്കുമെന്ന് പി.എം.എ സലാം പറഞ്ഞു. കോങ്ങാടിനും പുനലൂരിനും പകരം ലീഗിന് നൽകുന്ന സീറ്റിലും ധാരണയായില്ല. ഇവ ഉൾപെടെ 11 സീറ്റുകളിൽ ലീഗിന് ഇതുവരെ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. തിരുവമ്പാടിക്ക് പകരമായി തവനൂർ സീറ്റ് നൽകാമെന്ന് ഇന്നലെ കോൺഗ്രസ് അറിയിച്ചെങ്കിലും പിന്നിട് തീരുമാനം മാറ്റി. അതോടെ തിരുവമ്പാടി വെച്ചുമാറേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രണ്ട് പാർട്ടികളും എത്തുകയായിരുന്നു. തിരുവമ്പാടിയിൽ സി.കെ കാസിമിന്‍റെ പേരിനാണ് മുൻഗണന. പുനലൂർ, കോങ്ങാട് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തെങ്കിലും പകരം നൽകേണ്ട സീറ്റുകളിൽ ഇതുവരെ ധാരണയായില്ല. മലപ്പുറത്ത് വള്ളിക്കുന്ന്, മഞ്ചേരി, തിരൂരങ്ങാടി, താനൂർ സീറ്റുകളിൽ ധാരണയായിട്ടില്ല. കോഴിക്കോട്ട് കൊടുവള്ളി, കുന്ദമംഗലം മണ്ഡലങ്ങളിലും കണ്ണൂരിൽ കുത്തുപറമ്പ്, കാസർകോട് സീറ്റുകളിലും ഒറ്റപേരിലേക്ക് എത്തേണ്ടതുണ്ട്. സ്ഥാനാർഥി നിർണയത്തിന് മുന്നോടിയായി സാദിഖലി തങ്ങൾ നേതാക്കളുമായി നടത്തുന്ന കൂടിയാലോചന തുടരുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് പ്രവർത്തകരിൽ നിരാശ പടർത്തുന്നുണ്ട്.

വെച്ചുമാറില്ല; തിരുവമ്പാടിയിൽ മുസ്‌ലിംലീഗ് തന്നെ മത്സരിക്കും- പി.എം.എ സലാം
M
MadhyamamSource Link
about 2 months ago