റിയാദ്: യു.എസും ഇറാനും വെടിനിർത്തലിലെത്തുന്ന സമയത്തും സൗദി അറേബ്യയുടെ കിഴക്കൻ മേഖല ലക്ഷ്യമാക്കി ശത്രുപക്ഷം തൊടുത്തുവിട്ട അഞ്ച് ബാലിസ്റ്റിക് മിസൈലുകളും ഒമ്പത് ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി ഈ നിർണായക വിവരം പുറത്തുവിട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തത്. ആക്രമണ ഭീഷണിയെത്തുടർന്ന് നാഷനൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ് വഴി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. റിയാദ്, അൽ ഖർജ്, കിഴക്കൻ മേഖല, യാംബു, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് അടിയന്തര മുന്നറിയിപ്പ് നൽകിയത്. അപകടസാധ്യത ഒഴിഞ്ഞതായി അറിയിക്കുന്നത് വരെ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു. സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിെൻറ പ്രാധാന്യം സിവിൽ ഡിഫൻസ് ഊന്നിപ്പറഞ്ഞു. ജനാലകളിൽ നിന്ന് അകന്ന് കെട്ടിടങ്ങൾക്കുള്ളിലോ സുരക്ഷിതമായ മുറികളിലോ ഉടൻ അഭയം പ്രാപിക്കുക, അപകടം ഒഴിഞ്ഞുവെന്ന് സ്ഥിരീകരിക്കുന്നത് വരെ കെട്ടിടത്തിന് പുറത്തിറങ്ങരുത്, തുറസ്സായ സ്ഥലങ്ങൾ, ഗ്ലാസ് നിർമിതികൾ, ബാൽക്കണികൾ, മേൽക്കൂരകൾ എന്നിവയിൽ നിൽക്കുന്നത് ഒഴിവാക്കുക, പുറത്തുള്ളവർ എത്രയും വേഗം അടുത്തുള്ള കെട്ടിടത്തിലേക്ക് മാറണം, സംഭവസ്ഥലങ്ങളിൽ തടിച്ചുകൂടാനോ ദൃശ്യങ്ങൾ പകർത്താനോ ശ്രമിക്കരുത്; അപകടമേഖലകളിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകിയത്. പ്രതിരോധ മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ശത്രുത ആരംഭിച്ചത് മുതൽ ഇതുവരെ സൗദി വ്യോമസേനയും പ്രതിരോധ വിഭാഗവും ചേർന്ന് വൻ വിജയങ്ങളാണ് കൈവരിച്ചിരിക്കുന്നത്. പ്രധാനമായും റിയാദ്, കിഴക്കൻ മേഖല എന്നിവ ലക്ഷ്യമിട്ടെത്തിയ 916 ഡ്രോണുകൾ, 88 ബാലിസ്റ്റിക് മിസൈലുകൾ, ഒമ്പത് ക്രൂയിസ് മിസൈലുകൾ എന്നിവയാണ് ഇതുവരെ തകർത്തിട്ടുള്ളത്. രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ സേന സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

വെടിനിർത്തലിനിടയിലും സൗദിയിലേക്ക് ഡ്രോൺ, മിസൈൽ ആക്രമണം; ആകാശത്ത് തകർത്ത് പ്രതിരോധ സേന
M
MadhyamamSource Link
about 1 month ago